Monday, April 18, 2011

ദൈവത്തിനു പകരംനില്‍ക്കാന്‍ സാങ്കേതികവിദ്യക്കാവില്ല: മാര്‍പാപ്പ

ദൈവത്തിണ്റ്റെ അധികാരവും ശക്തിയും സാങ്കേതികവിദ്യയുടെ സഹായത്തോടെ നേടാമെന്നു വ്യാമോഹിക്കരുതെന്നു ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. അഹങ്കാരത്തിണ്റ്റെ തിരത്തള്ളല്‍ മൂലം ഇപ്രകാരം ചിന്തിച്ചാല്‍ കനത്തവില കൊടുക്കേണ്ടിവരും. ഓശാനഞ്ഞായറാഴ്ച ദിവ്യബലി അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെണ്റ്റ്പീറ്റേഴ്സ്‌ ബസിലിക്കാ അങ്കണത്തില്‍ നടന്ന ഓശാന തിരുക്കര്‍മങ്ങളില്‍ അരലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുത്തു.സാങ്കേതികവിദ്യ നിരവധി മേഖലകളില്‍ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഉപകരിച്ചിട്ടുണ്ട്‌. എന്നാല്‍, നമ്മുടെ പരിമിതി നാം വിസ്മരിക്കരുത്‌. അടുത്തകാലത്തുണ്ടായ പ്രകൃതിദുരന്തങ്ങള്‍ മനുഷ്യന്‍ എല്ലാക്കാര്യത്തിലും ശക്തനല്ലെന്നു തെളിയിക്കുന്നു. ദൈവവുമായി ബന്ധം സ്ഥാപിക്കണമെങ്കില്‍ സ്വയം ദൈവമാകാനുള്ള ആഗ്രഹം മനുഷ്യന്‍ ഉപേക്ഷിച്ചേ മതിയാവൂ എന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. ദിവ്യബലിക്കു ശേഷം ത്രികാലജപ പ്രാര്‍ഥന നടത്തിയ മാര്‍പാപ്പ ഓഗസ്റ്റില്‍ മാഡ്രിഡില്‍ നടക്കുന്ന ലോക യുവജന സമ്മേളനത്തിലേക്ക്‌ യുവജനങ്ങളെ ക്ഷണിച്ചു.