Monday, April 11, 2011

മാര്‍ വിതയത്തില്‍ മഹാനായ ആത്മീയാചാര്യന്‍: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌

ജീവിതത്തിണ്റ്റെ അടിസ്ഥാന മൂല്യങ്ങളോടു തികഞ്ഞ പ്രതിബദ്ധത പുലര്‍ത്തിയ മഹാനായ ആത്മീയാചാര്യനായിരുന്നു കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലെന്നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌. ഇന്ത്യയിലെ മതത്തിണ്റ്റെയും ജാതിയുടെയും വേലിക്കെട്ടുകള്‍ക്ക്‌ അതീതമായി സാമൂഹികവും മതപരവുമായ സൌഹാര്‍ദം നിലനിര്‍ത്തുന്നതിന്‌ അര്‍ഥപൂര്‍ണമായ നേതൃത്വം നല്‍കിയ മഹദ്‌വ്യക്തിയായിരുന്നു കര്‍ദിനാള്‍. വിവിധ വിശ്വാസധാരകളും ആശയസംഹിതകളും വച്ചുപുലര്‍ത്തുന്നവര്‍ക്കിടെ സംവാദത്തിനായി മുന്നിട്ടിറങ്ങുകയും ഐക്യം ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യാന്‍ അദ്ദേഹത്തിനായി. കര്‍മോത്സുകനായ ഒരു ആത്മീയാചാര്യനെയാണു കര്‍ദിനാളിണ്റ്റെ ദേഹവിയോഗത്തിലൂടെ രാജ്യത്തിനു നഷ്ടമായിരിക്കുന്നത്‌. മാനുഷിക മൂല്യങ്ങളും വിദ്യാഭ്യാസവും ദേശീയോദ്ഗ്രഥനവും ഉയര്‍ത്തിപ്പിടിക്കുന്നതിനായി യത്നിച്ച അദ്ദേഹത്തിണ്റ്റെ സമഗ്രമായ കാഴ്ചപ്പാട്‌ എന്നെന്നും ഓര്‍മിക്കപ്പെടുമെന്നും കര്‍ദിനാളിണ്റ്റെ കബറടക്ക ശുശ്രൂഷയോട്‌ അനുബന്ധിച്ചു ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ വായിച്ച പ്രധാനമന്ത്രിയുടെ സന്ദേശത്തില്‍ അനുസ്മരിച്ചു. ലോകത്താകമാനമുള്ള സീറോ മലബാര്‍ സഭാംഗങ്ങളെയും തണ്റ്റെ അനുശോചനം അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദേശം സിഎംഐ സഭ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ്‌ പന്തപ്ളാംതൊട്ടിയിലാണ്‌ അനുസ്മരണയോഗത്തില്‍ വായിച്ചത്‌