Monday, April 11, 2011

മാര്‍ വിതയത്തില്‍ ഐക്യത്തിണ്റ്റെ പുണ്യപുരുഷന്‍: ഡോ. വര്‍ഗീസ്‌ ചക്കാലയ്ക്കല്‍

ക്രൈസ്തവ ഐക്യത്തിണ്റ്റെ പ്രതീകമായിരുന്ന കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ കാഴ്ചപ്പാടുകള്‍ അല്‍മായരുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും ഏറെ സഹായകരമായിരുന്നുവെന്നു ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) സെക്രട്ടറി ജനറലും കേരള കാത്തലിക്‌ ഫെഡറേഷന്‍ ചെയര്‍മാനുമായ ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലയ്ക്കല്‍ അനുസ്മരിച്ചു. കേരള കാത്തലിക്‌ ഫെഡറേഷണ്റ്റെ നേതൃത്വത്തില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കര്‍ദിനാളിണ്റ്റെ ഹൃദയവിശാലതയും ജീവിതവീക്ഷണവും കത്തോലിക്കാസഭയ്ക്കു മുതല്‍ക്കൂട്ടായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. ഫെഡറേഷന്‍ പ്രസിഡണ്റ്റ്‌ പ്രഫ. ജേക്കബ്‌ എം. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സൈബി അക്കര പ്രമേയം അവതരിപ്പിച്ചു. ഡയറക്ടര്‍ ഫാ. ജോസ്‌ കോട്ടയില്‍, കെസിബിസി അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ്‌ വിതയത്തില്‍, സീറോ മലബാര്‍ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍, ജോളി പാവേലില്‍, ഷിബു വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു.