Monday, April 4, 2011

വേര്‍പാടിണ്റ്റെ രാത്രിസ്മരണയില്‍ പിതാക്കന്‍മാര്‍

നിങ്ങള്‍ തിരിച്ചു വരുന്നതിനു മുമ്പു ഞാന്‍ വിടവാങ്ങിയേക്കാം. എണ്റ്റെ രോഗാവസ്ഥ നിങ്ങള്‍ക്കറിവുള്ളതാണല്ലോ. അനീതിയെ എതിര്‍ക്കണം. എന്നാല്‍, ദൈവഹിതത്തിനു വിപരീതമായി ഒന്നും ചെയ്യരുത്‌. സഭാ ജീവിതം പ്രാര്‍ഥനാപൂര്‍ണമായിരിക്കണം. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലുമായുള്ള അവസാന കൂടിക്കാഴ്ചയില്‍ പിതാവിണ്റ്റെ സ്നേഹപൂര്‍വമായ വാക്കുകളിലെ പ്രസക്തഭാഗം ഇതായിരുന്നുവെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ ഓര്‍മിക്കുന്നു. റോമില്‍ ആദ്‌ ലിമിന സന്ദര്‍ശനത്തിലായിരുന്ന മെത്രാന്‍മാരായ മാര്‍ തോമസ്‌ ചക്യത്തും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും ഇന്നലെയാണു മടങ്ങിയെത്തിയത്‌. റോമിലേക്കു പുറപ്പെടുന്നതിനു തലേദിവസം രാത്രിയിലാണു പിതാവ്‌ തങ്ങളെ വിളിച്ചു സംസാരിച്ചതെന്നു മാര്‍ ചക്യത്ത്‌ പറഞ്ഞു. 15 മിനിറ്റു നേരത്തോളം അദ്ദേഹം സംസാരിച്ചു. അദ്ദേഹത്തിണ്റ്റെ അസുഖത്തെക്കുറിച്ച്‌ അപ്പോള്‍ ഭയം തോന്നി. സംസാരം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ തന്നെ മറ്റു പുരോഹിതരെയും പിതാവിണ്റ്റെ സഹായികളെയും വിളിച്ചു ജാഗ്രതയായിരിക്കാന്‍ പറഞ്ഞേല്‍പ്പിച്ചു. ഡോക്ടര്‍മാരോടും സംസാരിച്ചു. എന്നാല്‍, തത്കാലത്തേക്കു കുഴപ്പമൊന്നുമില്ലെന്നായിരുന്നു അവരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ റോമില്‍വച്ചു പിതാവിണ്റ്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ആകെ തളര്‍ന്നുപോയി. വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ മാര്‍പാപ്പയുമായുള്ള സന്ദര്‍ശനത്തിന്‌ ഒരു മണിക്കൂറ്‍ ശേഷിച്ചിരിക്കെയായിരുന്നു ഈ വാര്‍ത്ത അറിഞ്ഞത്‌. മാര്‍പാപ്പയെ കണ്ടപ്പോള്‍ വിവരം അറിയിക്കുകയും അദ്ദേഹം അത്യഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. പിന്നീടു സന്ദര്‍ശനത്തിലായിരുന്ന എല്ലാ മെത്രാന്‍മാരും ഒന്നിച്ചുകൂടി പിതാവിനുവേണ്ടി പ്രാര്‍ഥിക്കുകയും സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള പ്രാഥമിക ആലോചന നടത്തുകയും ചെയ്തതായി മാര്‍ ചക്യത്ത്‌ പറഞ്ഞു. . മെത്രാസന മന്ദിരത്തിലെ കവാടത്തിനരികില്‍ വച്ചിരുന്ന കര്‍ദിനാളിണ്റ്റെ ചിത്രത്തില്‍ തിരി തെളിച്ച്‌ അല്‍പനേരം പ്രാര്‍ഥിച്ചു. നീണ്ട വര്‍ഷങ്ങള്‍ കര്‍ദിനാള്‍ മാര്‍ വര്‍ക്കി പിതാവിണ്റ്റെ സഹായികളായി പ്രവര്‍ത്തിച്ചിരുന്ന ഇരുവര്‍ക്കും താങ്ങാനാകാത്ത ആഘാതമായിരുന്നു പിതാവിണ്റ്റെ പെട്ടെന്നുള്ള വേര്‍പാട്‌.