Tuesday, May 17, 2011

സീറോ മലബാര്‍ സഭയില്‍ പ്രേഷിതവര്‍ഷം ഓഗസ്റ്റ്‌ 15 മുതല്‍ 2012ഓഗസ്റ്റ്‌ 15 വരെ

പ്രേഷിതവര്‍ഷത്തിണ്റ്റെ ഉദ്ഘാടനം ഓഗസ്റ്റ്‌ 15 ന്‌ എല്ലാ രൂപതകളിലും പ്രവാസി കേന്ദ്രങ്ങളിലും നടത്തും എന്ന്‌ സീറോ മലബാര്‍സഭയുടെ മൌണ്ട്‌ സെണ്റ്റ്‌ തോമസിലുള്ള കാര്യാലയത്തില്‍ നിന്നും അറിയിച്ചു. ഓഗസ്റ്റ്‌ 15 മുതല്‍ 2012 ഓഗസ്റ്റ്‌ 15 വരെ സീറോ മലബാര്‍ സഭ പ്രേഷിതവര്‍ഷമായി ആചരിക്കും. സീറോ മലബാര്‍ സഭയുടെ കേരളത്തിനു പുറത്തുള്ള ആദ്യ രൂപതയായ ഛാന്ദായുടെ സുവര്‍ണ്ണ ജൂബിലിയോട്‌ അനുബന്ധിച്ചാണ്‌ പ്രേഷിത വര്‍ഷാചരണത്തിനു തുടക്കമിടുന്നത്‌. മാര്‍ സെബാസ്റ്റയന്‍ വടക്കേല്‍ കണ്‍വിനറായുള്ള അഞ്ചംഗ മെത്രാന്‍ സമിതിയാണ്‌ പ്രേഷിതവര്‍ഷാചരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. മാര്‍ സൈമണ്‍ സ്റ്റോക്ക്‌ സി.എം.ഐ, മാര്‍ ആണ്റ്റണി ചിറയത്ത്‌, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ റാഫേല്‍ തട്ടില്‍ എന്നിവരാണ്‌ മെത്രാന്‍ സമിതിയിലെ അഗംങ്ങള്‍. സുവിശേഷവല്‍ക്കരണത്തിണ്റ്റെയും പ്രവാസികളുടെ അജപാലന ശുശ്രൂഷയുടെയും ചുമതലയുള്ള കമ്മീഷന്‍ തയ്യാറാക്കിയ പ്രവര്‍ത്തന പദ്ധതി 2011 ജനുവരിയില്‍ നടന്ന മെത്രാന്‍മാരുടെ പത്തൊമ്പതാം സിനഡ്‌ അംഗീകരിച്ചു. സീറോമലബാര്‍ പ്രേഷിതവര്‍ഷം എന്നായിരിക്കും അറിയപ്പെടുക "ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്ക്‌ സാക്ഷികളായിരിക്കും". (അപ്പ . പ്രവ. 1:8) എന്ന തിരുവചനമാണ്‌ ആദര്‍ശവാക്യമായി സ്വീകരിച്ചിരിക്കുന്നത്‌. സീറോ മലബാര്‍ സഭയുടെ പ്രേഷിതാവബോധത്തെ ഉജ്ജ്വലിപ്പിക്കുക; പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി ആത്മീയവും മാനുഷീകവും ഭൌതീകവുമായ വിഭവശേഷി സമാഹരിക്കുക; സഭാംഗങ്ങളിലെല്ലാം പ്രത്യേകിച്ച്‌ മിഷനറിമാരില്‍ പ്രേഷിത തീക്ഷണത ജ്വലിപ്പിക്കുക എന്നിവയാണ്‌ ലക്ഷ്യങ്ങളെന്ന്‌ പ്രേഷിത വര്‍ഷാചരണത്തിണ്റ്റെ കേന്ദ്രസമിതിയുടെ സെക്രട്ടറി ഫാ. ജോസ്‌ ചെറിയമ്പനാട്ട്‌ എം.എസ്‌.ടി. അറിയിച്ചു. കൊടുങ്ങല്ലൂരില്‍ ഓഗസ്റ്റ്‌ 21 ന്‌ എല്ലാമെത്രാന്‍മാരും ഒരുമിച്ച്‌ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിണ്റ്റെ ആദ്യ ഇടയലേഖനം പ്രേഷിത വര്‍ഷാചരണത്തെക്കുറിച്ച്‌ അറിയിച്ചു കൊണ്ടായിരിക്കും.