Monday, May 30, 2011

വലിയ ഇടയനായി മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

വിശ്വാസവീഥികളില്‍ നിറദീപമാകാനുള്ള നിയോഗമേറ്റടുത്തു സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായി മാര്‍ ജോര്‍ജ്‌ ആലഞ്ചേരി സ്ഥാനമേറ്റു. എറണാകുളം സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയില്‍ ചരിത്ര മുഹൂര്‍ത്തത്തിനു സഭാ പിതാക്കന്‍മാരും വൈദികരും സന്യസ്തരും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ആയിരക്കണക്കിനു വിശ്വാസികളും സാക്ഷികളായി. മെത്രാന്‍ സിനഡിലൂടെ തെരഞ്ഞെടുക്കപ്പെട്ട സീറോ മലബാര്‍ സഭയുടെ ആദ്യത്തെ മേജര്‍ ആര്‍ച്ച്ബിഷപ്പാണ്‌ അറുപത്താറുകാരനായ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. ചങ്ങനാശേരി അതിരൂപതയിലെ തുരുത്തി ഇടവകാംഗമാണ്‌. കാലം ചെയ്ത മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ പിന്‍ഗാമിയായാണ്‌ അദ്ദേഹം സ്ഥാനമേറ്റത്‌. എറണാകുളം-അങ്കമാലി അതി രൂപതാ ആസ്ഥാനത്തുനിന്നു ബാന്‍ഡ്‌വാദ്യത്തോടെയാണ്‌ ബ സിലിക്കയിലേക്കു ശ്രേഷ്ഠപിതാവിനെ വരവേറ്റത്‌. പ്രദക്ഷിണത്തിനു മുമ്പിലായി ആദ്യം കുരിശേന്തിയ ശ്രുശ്രൂഷകന്‍ നീങ്ങി. ധൂപവും തിരിയും തൊട്ടു പിന്നാലെയും സുവിശേഷ ഗ്രന്ഥവാഹകന്‍ ഇവര്‍ക്കു നടുവിലായും അള്‍ത്താര യിലേക്കു പ്രവേശിച്ചു. തിരുവസ്ത്രങ്ങളണിഞ്ഞ വൈദികരും ബിഷപ്പുമാരും അതിനു പിന്നില്‍. അവര്‍ക്കുശേഷം മേജര്‍ ആര്‍ച്ച്ബിഷപ്‌. ഏറ്റവും പിന്നിലായി മുഖ്യകാര്‍മികനായ മാര്‍ ബോസ്കോ പുത്തൂരും ചടങ്ങിണ്റ്റെ ആര്‍ച്ച്‌ ഡീക്കന്‍ പ്രൊ- വികാരി ജനറല്‍ റവ. ഡോ. ജോസ്‌ പുത്തന്‍വീട്ടിലും നീങ്ങി. "ഇടയിനിതാ, നല്ലൊരിടയനിതാ, ദൈവജനത്തിന്‍ ഇടയിനിതാ" എന്നു തുടങ്ങുന്ന ഗാനം ഗായകസംഘം ആലപിച്ചു. ബസിലിക്കയുടെ പ്രധാന കവാടത്തില്‍ വികാരി റവ. ഡോ. ജോസ്‌ ചിറമേല്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ മെഴുകുതിരി നല്‍കി കാനോനികമായി സ്വീകരിച്ചു. കാലംചെയ്ത തണ്റ്റെ മുന്‍ഗാമി കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ കബറിടത്തില്‍ മാര്‍ ആലഞ്ചേരി പൂക്കളര്‍പ്പിച്ചു പ്രാര്‍ഥിച്ചു. സീറോ മലബാര്‍ സഭയ്ക്ക്‌ അഭിമാനത്തിണ്റ്റെ ദിനമാണെ ന്നു സ്ഥാനാരോഹണ ശുശ്രൂഷയില്‍ മുഖ്യകാര്‍മികനായ മാര്‍ ബോസ്കോ പുത്തൂറ്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. കാലം ചെയ്ത വര്‍ക്കി വിതയത്തില്‍ പിതാവിനു ശേഷം സഭയെ നയിക്കാന്‍ എല്ലാംകൊണ്ടും യോഗ്യനായ ഒരു മേജര്‍ ആര്‍ച്ച്ബിഷപ്പിനായി സഭാസമൂഹം പ്രാര്‍ഥിക്കുകയായിരുന്നു. ഈശോയുടെ തിരുഹൃദയത്തിന്‌ അനുയോജ്യമായ വിധത്തില്‍ ഒരു വലിയ ഇടയനെ ന മുക്കു ലഭിച്ചിരിക്കുന്നു. മാര്‍ ജോര്‍ജ്‌ ആലഞ്ചേരി സ്നേഹത്തിണ്റ്റെ യും സമന്വയത്തിണ്റ്റെയും പിതാവാണ്‌. വ്യത്യസ്തമായി ചിന്തിക്കുന്നവരെപ്പോലും സുഹൃത്തായി സ്വീകരിക്കാന്‍ അദ്ദേഹം മടികാണിക്കുന്നില്ല. ദൈവജനത്തെ നയിക്കാന്‍ അദ്ദേഹത്തിനു കഴിയുമാറാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു. സഭയുടെ എല്ലാ സഹകരണവും അദ്ദേഹത്തിനു വാഗ്ദാനം ചെയ്യുന്നതായും മാര്‍ ബോസ്കോ പുത്തൂറ്‍ പറഞ്ഞു. മേജര്‍ ആര്‍ച്ച്ബിഷപ്പിണ്റ്റെ തെരഞ്ഞെടുപ്പു സ്ഥിരീകരിച്ചുകൊണ്ടും അപ്പസ്തോലിക ആശീര്‍വാദം നല്‍കിക്കൊ ണ്ടും തണ്റ്റെ കൈയൊപ്പോടെ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്‌ അയച്ച സന്ദേശവും പൌരസ്ത്യ തിരുസംഘത്തിണ്റ്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിയുടെ സന്ദേശവും വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്‌ സാല്‍വതോറെ പെനാക്കിയോ വായിച്ചു. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. ആണ്റ്റണി കൊള്ളന്നൂറ്‍ സന്ദേശം മലയാളത്തില്‍ പരിഭാഷപ്പെടുത്തി. മാര്‍പാപ്പയുടെ പ്രത്യേക ഉപഹാരം വത്തിക്കാന്‍ പ്രതിനിധി മേജര്‍ ആര്‍ച്ച്ബിഷപ്പിനു സമ്മാനിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി സഭാ വിശ്വാസം ഏറ്റുപറഞ്ഞു. സഭയുടെ എല്ലാ ചുമതലകളും ഏറ്റവും വിശ്വസ്ത തയോടെ താന്‍ നിര്‍വഹിക്കുമെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. മറ്റു സഭകളോടുള്ള ബന്ധം പരിപോഷിപ്പിക്കും. സഭയുടെ എല്ലാ പ്രബോധനങ്ങളും അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു ദേവാലയത്തില്‍ കൂടിയിരുന്നവരെല്ലാം എഴുന്നേറ്റുനിന്നു. കന്നട ഭാഷയില്‍ സ്വര്‍ഗസ്ഥനായ പിതാവേ എന്ന ഗാനം ഗായകസംഘം ആലപിച്ചു. കാര്‍മികന്‍ മാര്‍ ബോസ്കോ പുത്തൂറ്‍ കൈകകള്‍ വിരിച്ചുപിടിച്ച്‌ പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനായി പ്രാര്‍ഥിച്ചു. പിന്നീട്‌ അംശവടിയും മുടിയും ധരിപ്പിച്ച്‌ ശ്രേഷ്ഠ മെത്രാപ്പോലീത്തയെ സ്ഥാനികപീഠത്തിലേക്ക്‌ ആനയിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്പിണ്റ്റെ സമാപന ആശീര്‍വാദ പ്രാര്‍ഥനയായിരുന്നു അടുത്തത്‌. എളിയവനായ തന്നെ മേജര്‍ ആര്‍ച്ച്ബിഷപ്പായി ഉയര്‍ത്തിയ ദൈവ ത്തിന്‌ അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. സഭയെ നയിക്കാന്‍ അനുഗ്രഹിക്കണമെന്നും പരിശുദ്ധനായി ജീവിക്കാന്‍ സഹായിക്കണമെന്നും പ്രാര്‍ഥിച്ചു. തണ്റ്റെ സഹപ്രവര്‍ത്തകര്‍ക്കും അജഗണങ്ങള്‍ക്കും വേണ്ടിയായിരുന്നു തുട ര്‍ന്നുള്ള പ്രാര്‍ഥന. മുഖ്യകാര്‍മികനും മറ്റു സഹകാര്‍മികരും തങ്ങളുടെ വിധേയത്വത്തിണ്റ്റെ അടയാളമായി മേജര്‍ ആര്‍ച്ച്ബിഷപ്പിനെ ആശ്ളേഷിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്പിണ്റ്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. മാര്‍ ബോസ്കോ പുത്തൂറ്‍, മലങ്കര കത്തോലിക്ക മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്ക ബാവ, നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ്‌ പെനാക്കിയോ, അഖിലേന്ത്യ ലത്തീന്‍ മെത്രാന്‍ സമിതി അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോ, തലശേരി ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം, മാര്‍ തോമസ്‌ ചക്യത്ത്‌ എന്നിവര്‍ മുഖ്യ സഹകാര്‍മികരും മറ്റ്‌ ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും സഹകാര്‍മികരുമായിരുന്നു. മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്ക ബാവ, ആര്‍ച്ച്ബിഷപ്‌ പെനാക്കിയോ, കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോ എന്നിവര്‍ പിന്നീട്‌ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ അനുമോദിച്ചു സ്ഥാനാരോഹണ ശുശ്രൂഷയുടെ ആദ്യഭാഗത്ത്‌ സ്വര്‍ഗസ്ഥനായ പിതാവിനോടുള്ള പ്രാര്‍ഥന കന്നട ഭാഷയിലുള്ള ഗാനരൂപത്തിലാണു ഗായകസംഘം ആലപിച്ചത്‌. കുര്‍ബാനയില്‍ പഴയനിയമം വായിച്ചത്‌ ഇംഗ്ളീഷിലായിരുന്നു. ഭാഷയുടെ വൈവിധ്യങ്ങള്‍ക്കിടയിലും സീറോ മലബാര്‍ സഭാംഗങ്ങളെന്ന ഏകത്വവിചാരത്തിണ്റ്റെ നിറവില്‍ തങ്ങള്‍ക്കു പുതിയ ഇടയനെ ലഭിച്ചതിണ്റ്റെ ആഹ്ളാദത്തിലായിരുന്നു വിശ്വാസിസമൂഹം.