Monday, May 30, 2011

വ്യത്യസ്ത ശൈലികളെ സമന്വയിപ്പിക്കാന്‍ ശ്രമിക്കും: മാര്‍ ആലഞ്ചേരി

സഭയിലെ വ്യത്യസ്ത അഭിപ്രായങ്ങളെയും ശൈലികളെയും സമന്വയിപ്പിച്ചു മുന്നോട്ടുപോകാന്‍ പരിശ്രമിക്കുമെന്നു സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. സ്ഥാനാരോഹണത്തിനുശേഷം അര്‍പ്പിച്ച ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സഭയിലെ ഓരോ പിതാവിനും വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളുമുണ്ട്‌. ഇവയെ ഏകോപിപ്പിച്ചു കൊണ്ടുപോകേണ്ടത്‌ എണ്റ്റെ ഉത്തരവാദിത്വമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. തോമാശ്ളീഹായുടെ പാരമ്പര്യം പേറുന്ന സഭയാണു നമ്മുടേത്‌. എണ്റ്റെ കര്‍ത്താവേ എണ്റ്റെ ദൈവമേ എന്നേറ്റുപറഞ്ഞ തോമാശ്ളീഹായുടെ വിശ്വാസപ്രഖ്യാപനം നമുക്കെല്ലാം പ്രചോദനമാകേണ്ടതാണ്‌. തോമാശ്ളീഹായുടെ ഈ ഏറ്റുപറച്ചിലിനു പകരംവയ്ക്കാന്‍ മറ്റൊരു വിശ്വാസസാക്ഷ്യമില്ല. ഈ സാക്ഷ്യത്തിണ്റ്റെ വഴികള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടു മുന്നോട്ടുപോകേണ്ടവരാണു നമ്മള്‍. സത്യവും സ്നേഹവുമാണു ദൈവം. ദൈവം കാണിച്ചുതരുന്ന വഴിയിലൂടെ നടക്കുന്ന നമ്മെ സംബന്ധിച്ചു സ്നേഹവും കാരുണ്യവും സുതാര്യതയുമെല്ലാം മുറുകെപ്പിടിക്കേണ്ടതുണ്ട്‌. ത്രിത്വത്തിലുള്ള സ്നേഹക്കൂട്ടായ്മ നമുക്കു പ്രചോദനമാകണം. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്‌ എന്ന പദവി ഏറ്റെടുക്കാന്‍ സിനഡിനു മുമ്പാകെ ഞാന്‍ സമ്മതം പറയുമ്പോള്‍ എനിക്ക്‌ ആശങ്കയുണ്ടായിരുന്നു. പൂങ്കാവനത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ശക്തിപ്പെടുത്തിയ ദൈവദൂതനെപ്പോലെ ഇക്കാര്യത്തില്‍ എന്നെ ശക്തിപ്പെടുത്തുന്നതില്‍ തൂങ്കുഴി പിതാവ്‌ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌. ഈശ്വരന്‍ നല്‍കുന്ന ഐശ്വര്യവും അനുഗ്രഹവും എണ്റ്റെ മുന്‍ഗാമികളുടെ മാധ്യസ്ഥവും നമ്മുടെ സഭയ്ക്ക്‌ എന്നുമുണ്ടാകുമെന്നും മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. തക്കല രൂപതയില്‍ നിന്നെത്തിയ സഭാംഗങ്ങള്‍ക്കായി തമിഴില്‍ മാര്‍ ആലഞ്ചേരി അഞ്ചു മിനിറ്റോളം പ്രസംഗിച്ചതു ശ്രദ്ധേയമായി.