Monday, May 16, 2011

സ്നേഹവും ഐക്യവുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കണം: ആര്‍ച്ച്‌ ബിഷപ്‌ സാല്‍വതോറെ പെനാക്കിയോ

സ്നേഹവും സമാധാനവും നീതിയും സഹിഷ്ണുതയും ഐക്യവും നിറഞ്ഞ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമുക്ക്‌ കഴിയണമെന്ന്‌ ഭാരതത്തിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ്‌ സാല്‍വതോറെ പെനാക്കിയോ ആഹ്വാനം ചെയ്തു. പുനലൂറ്‍ രൂപതയുടെ രജതജൂബിലി ആഘോഷ സമാപനത്തോടനുബന്ധിച്ച്‌ പുനലൂറ്‍ സെണ്റ്റ്മേരീസ്‌ കത്തീഡ്രലില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തോടുള്ള പ്രതിബദ്ധത നവീകരിക്കുന്നതിനും ഉത്സാഹത്തോടും അര്‍പ്പണ മനോഭാവത്തോടും ദൈവവചനം പ്രഘോഷിക്കുന്നതിനുമുള്ള അവസരമാണ്‌ ജൂബിലിയാഘോഷം. രൂപതയുടെ അജപാലന-സാമൂഹ്യവിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ നാടിണ്റ്റെ സമഗ്രമായ പുരോഗതിക്ക്‌ വേണ്ടിയാണ്‌. ദൈവീകമായ പരിചരണത്തില്‍ ആശ്രയിച്ച്‌ ജീവിക്കാന്‍ മനുഷ്യന്‌ സാധിക്കണം. സ്നേഹവും സൌഹൃദവും മനുഷ്യമനസുകളെ തമ്മില്‍ കോര്‍ത്തിണക്കുമ്പോഴാണ്‌ വിശാലമായ കാഴ്ചപ്പാടുകള്‍ കൈവരുന്നത്‌. ഇത്തരം കാഴ്ചപ്പാടുകള്‍ സമൂഹത്തെ നേരായ ദിശയിലേക്ക്‌ നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവം നല്‍കിയ ദാനങ്ങള്‍ക്ക്‌ നന്ദിപറയാന്‍ പ്രാര്‍ഥനയിലൂടെ നമുക്ക്‌ കഴിയണം. ജീവിതത്തില്‍ വന്നുപോയ കുറവുകളെ സംബന്ധിച്ച്‌ പരിശോധിക്കുന്നതിനും ഉത്തരവാദിത്വങ്ങളെക്കുറിച്ച്‌ ബോധവാന്‍മാരാകാനും നാം തയാറാകണം. വിദ്യാഭ്യാസമുള്ള പുതിയ തലമുറയുടെ കടന്നുവരവോടെ സമൂഹത്തില്‍ കാതലായ മാറ്റമുണ്ടാകും. മനുഷ്യണ്റ്റെ കരുത്ത്‌ അറിവാണെന്നും അറിവിണ്റ്റെ പാതയിലൂടെ മുന്നോട്ടുപോകുന്നവര്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രൂപതയുടെ രജതജൂബിലി കൂട്ടായ്മ ഭവന പദ്ധതിയുടെ താക്കോല്‍ദാനവും ആര്‍ച്ച്ബിഷപ്‌ സാല്‍വതോറെ പെനാക്കിയ നിര്‍വഹിച്ചു. ചടങ്ങില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ്‌ ഡോ.സൂസപാക്യം അധ്യക്ഷത വഹിച്ചു. ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കൊല്ലം ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍, സീറോ മലബാര്‍സഭ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂറ്‍, പുനലൂറ്‍ ബിഷപ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, പാളയംകോട്ട രൂപതാ ബിഷപ്‌ റവ.ഡോ.ജൂഡ്‌ പോള്‍, കൊടിക്കുന്നില്‍ സുരേഷ്‌ എംപി, അഡ്വ.കെ.രാജു എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്സണ്‍ വിമലാ ഗുരുദാസ്‌, എന്‍എസ്‌എസ്‌ താലൂക്ക്‌ യൂണിയന്‍ വൈസ്പ്രസിഡണ്റ്റ്‌ എം.ബി.ഗോപിനാഥപിള്ള, എസ്‌എന്‍ഡിപി പുനലൂറ്‍ യൂണിയന്‍ പ്രസിഡണ്റ്റ്‌ അര്‍ച്ചന രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നേരത്തേ മാര്‍പാപ്പയുടെ പ്രതിനിധിയെ പുനലൂറ്‍ പോസ്റ്റ്‌ഓഫീസ്‌ ജംഗ്ഷനില്‍ നിന്ന്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ്‌ വൈദിക ശ്രേഷ്ഠരും വിശ്വാസി സമൂഹവും ചേര്‍ന്ന്‌ സെണ്റ്റ്മേരീസ്‌ അങ്കണത്തിലേക്ക്‌ ആനയിച്ചത്‌. വൈദികരും കന്യാസ്ത്രീകളുമടക്കം ആയിരങ്ങള്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന്‌ ആര്‍ച്ച്ബിഷപ്‌ സാല്‍വതോറെ പെനാക്കിയയെ ആരതിയുഴിഞ്ഞ്‌ സ്വീകരിച്ചു. തിരുവനന്തപുരം ആര്‍ച്ച്ബിഷപ്‌ ഡോ.സൂസപാക്യം, കൊല്ലം ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍, മാവേലിക്കര രൂപതാ ബിഷപ്‌ ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, സീറോ മലബാര്‍സഭാ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂറ്‍, പുനലൂറ്‍ ബിഷപ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, തിരുവനന്തപുരം മലങ്കര അതിരൂപതാ സഹായമെത്രാന്‍ മാര്‍ ഐറേനിയോസ്‌, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ.സ്റ്റീഫന്‍ ജി.കുളക്കായത്തില്‍, പുനലൂറ്‍ രൂപതാ വികാരി ജനറല്‍ മോണ്‍.മാര്‍ട്ടിന്‍ പി.ഫെര്‍ണാണ്ടസ്‌, നഗരസഭാ ചെയര്‍പേഴ്സണ്‍ വിമലാ ഗുരുദാസ്‌, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റവ.ഡോ.ക്രിസ്റ്റി ജോസഫ്‌, ജോയിണ്റ്റ്‌ കണ്‍വീനര്‍ അലക്സാണ്ടര്‍ ലൂക്കോസ്‌, പബ്ളിക്‌ റിലേഷന്‍സ്‌ കമ്മിറ്റി ചെയര്‍മാന്‍ മോണ്‍.വിന്‍സണ്റ്റ്‌ ഡിക്രൂസ്‌, കണ്‍വീനര്‍ ജോസഫ്‌ തോമസ്‌, ഫാ.ജസ്റ്റിന്‍ ലോറന്‍സ്‌, ഫാ.മാത്യു ബംഗ്ളാവില്‍ തുടങ്ങിയവര്‍ സ്വീകരണത്തിന്‌ നേതൃത്വം നല്‍കി.