Saturday, June 4, 2011

സഭയും രാഷ്ട്രവും ഒന്നിച്ചുപോകേണ്ടവ: മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

സഭ ലോകത്തിണ്റ്റെ മനഃസാക്ഷിയാണെന്നും സഭയും രാഷ്ട്രവും ഒന്നിച്ചു പോകേണ്ട യാഥാര്‍ഥ്യങ്ങളാണെന്നും സീറോ മലബാര്‍ സഭയുടെ മേജര്‍ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ മെത്രാപ്പോലീത്തന്‍ പള്ളിയങ്കണത്തിലെ എട്ടുമട്ട മണ്ഡപത്തില്‍ നല്‍കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സഭയെയും രാഷ്ട്രത്തെയും ഐക്യത്തില്‍ രഞ്ജിപ്പിക്കണമേ എന്നാണു വിശുദ്ധ കുര്‍ബാനയില്‍ സഭ പ്രാര്‍ഥിക്കുന്നത്‌. അധികാരത്തില്‍ വരുന്നവര്‍ സഭയുമായി ഐക്യത്തോടെ പ്രവര്‍ത്തിക്കണം. എല്ലാവരും സഭയുടെ മനഃസാക്ഷിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണു വേണ്ടത്‌. ഐക്യം കാത്തുസൂക്ഷിക്കാന്‍ സഭ പ്രാര്‍ഥിക്കും. മാര്‍ത്തോമ ക്രിസ്ത്യാനികളുടെ ഐക്യം ഭാരതത്തിന്‌ ആവശ്യമാണ്‌. മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ എന്ന നിലയില്‍ സഭാംഗങ്ങളുടെയും മെത്രാന്‍മാരുടെയും ഐക്യം ശക്തിപ്പെടുത്താന്‍ യത്നിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. "ഞാന്‍ എല്ലാ സഭകളെയും സ്വന്തമായി കാണുന്നു. നിങ്ങള്‍ എന്നെയും സ്വന്തമായി കാണണം" സഭാശുശ്രൂഷകരായ അജപാലകര്‍ ദൈവസ്നേഹത്തില്‍ ഐക്യപ്പെടണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ്‌ പറഞ്ഞു. സഭ നേരിടുന്ന വെല്ലുവിളികള്‍ താന്‍ മനസിലാക്കുന്നു ഒരോ പിതാവിനും സ്വന്തമായ അജപാലന ശൈലി ഉണ്ടായിരിക്കും. ഈ ശൈലിയിലൂടെയാണു പിതാക്കന്‍മാര്‍ സഭയ്ക്കു നേതൃത്വം നല്‍കുന്നത്‌ മതസൌഹാര്‍ദം രാഷ്ട്രത്തിന്‌ അനിവാര്യമാണ്‌. നശീകരണ ശക്തികളെ ഉപേക്ഷിച്ചു ദൈവിക പാതയില്‍ മുന്നേറാന്‍ കഴിയണം. പൊതുപ്രശ്നങ്ങളില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാകണം. അമ്മയുടെ ഉദരത്തില്‍ ജന്‍മം കൊള്ളുന്ന കുഞ്ഞുങ്ങളെ നശിപ്പിക്കുന്ന പ്രവണതയ്ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നു മാര്‍ ആലഞ്ചേരി പറഞ്ഞു. ആര്‍ഷഭാരതത്തിണ്റ്റെ സാംസ്കാരിക പാരമ്പര്യം വീണ്ടെടുക്കാന്‍ സഭയും സമൂഹവും ഒറ്റക്കെട്ടായി നീങ്ങണമെന്നും മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ ഉദ്ബോധിപ്പിച്ചു