Wednesday, June 8, 2011

ദൈവവചനത്തിനു ചേര്‍ന്ന സാക്ഷ്യജീവിതം നയിക്കണം: മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

ദൈവവചനത്തോടു യോജിച്ചുപോകുന്ന സാക്ഷ്യജീവിതമായിരിക്കണം ഓരോ സമര്‍പ്പിതര്‍ക്കും ഉണ്ടായിരിക്കേണ്ടതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ആഹ്വാനം ചെയ്തു. കെസിബിസി-കെസിഎംഎസ്‌ സംയുക്ത സമ്മേളനം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ക്രിസ്തുവിണ്റ്റെ സാക്ഷികളായി ജീവിച്ച്‌ ഓരോ സന്യാസസഭയും കാലഘട്ടത്തിന്‌ അനുസൃതമായ സേവനമേഖലകള്‍ കണ്ടെത്തണം. ഓരോ രൂപതയും സാര്‍വത്രികസഭയുടെ ചെറുപതിപ്പാണ്‌. ഈ ചിന്തയ്ക്ക്‌ അനുസൃതമായിരിക്കണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ഓരോ സന്യാസസഭയും പ്രാര്‍ഥിച്ചും ചിന്തിച്ചും പ്രവര്‍ത്തിച്ചും അവരവര്‍ക്കുള്ള ദൈവവിളിയുടെ സ്വഭാവം കണ്ടെത്തുകയും അതനുസരിച്ചു പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുകയും വേണം. പിഒസിയുടെ സാരഥിയായി1986മുതല്‍ 1992 വരെ പ്രവര്‍ത്തിച്ചതുമൂലം മൂന്നു വ്യക്തിസഭകളെയും ഒന്നായി കണ്ടുകൊണ്ട്‌ ശുശ്രൂഷിക്കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു -മാര്‍ ആലഞ്ചേരി പറഞ്ഞു. ദൈവരാജ്യത്തിണ്റ്റെ മുന്നാസ്വാദനങ്ങളാണു സമര്‍പ്പിതരെന്നു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കെസിബിസി പ്രസിഡണ്റ്റ്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ പറഞ്ഞു. ഓരോ സന്യാസസഭയും അവയുടെ സ്ഥാപകര്‍ ലക്ഷ്യമിട്ട കാരിസത്തിണ്റ്റെ ചൈതന്യം ഏറ്റുവാങ്ങി പ്രവര്‍ത്തിക്കണം. വ്യക്തിയും സന്യാസസമൂഹവും യേശുവിനെക്കുറിച്ചുള്ള ആത്മബോധത്തിലൂടെ ജീവിതദര്‍ശനം ക്രമപ്പെടുത്തണമെന്നും ആര്‍ച്ച്ബിഷപ്‌ പറഞ്ഞു. കെസിഎംഎസ്‌ പ്രസിഡണ്റ്റ്‌ റവ.ഡോ.ഫ്രാന്‍സീസ്‌ കൊടിയന്‍, സെക്രട്ടറി സിസ്റ്റര്‍ നിത്യ എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ ഡോ.ബ്രിജിത്ത്‌ ക്ളാസ്‌ നയിച്ചു. മെത്രാന്‍മാരും കേരളത്തിലെ വിവിധ സന്യാസ-സമര്‍പ്പിത സമൂഹങ്ങളുടെ സുപ്പീരിയര്‍മാരും സമ്മേളനത്തില്‍ പങ്കെടുത്തു