Monday, July 18, 2011

വിശ്വാസത്തിന്റെ ആദ്യപാഠങ്ങൾ വേണ്ടത്‌ കുടുംബത്തിൽ നിന്ന്‌: ആർച്ച്‌ ബിഷപ്‌ ഡോ. ഫ്രാൻസിസ്‌ കല്ലാര്റക്കൽ

വിശ്വാസത്തിന്റെ ആദ്യപാഠങ്ങൾ കുടുംബങ്ങളിൽ നിന്നാണ്‌ കുഞ്ഞുങ്ങൾ പഠിക്കേണ്ടതെന്ന്‌ വരാപ്പുഴ അതിരൂപത ആർച്ച്‌ ബിഷപ്‌ ഡോ. ഫ്രാൻസീസ്‌ കല്ലാര്റക്കൽ പറഞ്ഞു. അതിരൂപതയിലെ മതബോധന അധ്യാപകരുടെ കൺവൻഷൻ-ഡിഡാക്കെ-2011 സെന്റ്‌ തെരേസാസ്‌ കോളജ്‌ ഹാളിൽ ചേർന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളാണ്‌ കുട്ടികളുടെ ആദ്യഗുരുക്കന്മാർ. ദൈവവിശ്വാസം കുട്ടികളിൽ വളർന്നു വന്നാൽ കുടുംബം ദേവാലയമാകും. ആഗോളവൽക്കരണത്തിന്റെ ഈ കാലഘട്ടത്തിൽ മതാധ്യാപനം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്‌. എങ്കിലും മതാധ്യാപകർ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നത്‌ സഭയുടേയും സമുദായത്തിന്റേയും ഉന്നതിക്കു കാരണമായിട്ടുണ്ട്‌. ബൗദ്ധികത ശക്തിപ്പെടുന്ന കാലഘട്ടത്തിൽ കാലത്തിന്റെ അടയാളങ്ങൾ മനസിലാക്കി ഉണർന്നു പ്രവർത്തിക്കാൻ മതധ്യാപകർ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന്‌ മതാധ്യാപകർക്ക്‌ ആർച്ച്‌ ബിഷപ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാ. ജോൺസൺ ഡിക്കൂഞ്ഞ, സിസ്റ്റർ വിവൈറ്റ്‌ സിഎസ്‌എസ്ടി എന്നിവർ ആശംസകൾ നേർന്നു. മതാധ്യാപന രംഗത്ത്‌ 25 വർഷം പൂർത്തിയാക്കിയവരെ ആദരിച്ചു. നേരത്തെ നടത്തിയ “വിശുദ്ധരെ അറിയാൻ വിശുദ്ധിയിൽ വളരാൻ” എന്ന സെമിനാർ റവ. ഡോ.സ്റ്റീഫൻ ആലത്തറ അവതരിപ്പിച്ചു