സാമൂഹ്യപ്രതിബദ്ധതയിൽനിന്നും കത്തോലിക്കാ സഭ പിൻതിരിഞ്ഞുവെന്ന് ചില മാധ്യമങ്ങൾ നടത്തുന്ന ദുഷ്പ്രചരണം അവാസ്തവവും വേദനാജനകവുമാണെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ. ഇരിങ്ങാലക്കുട രൂപത മേഴ്സി ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആതുരശുശ്രൂഷരംഗത്തും നിരാലംബരെയും അംഗതികളുടെ സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന രംഗങ്ങളിലും സഭയുടെ സേവനങ്ങൾ ആർക്കാണ് അവഗണിക്കാനാവുക. സമൂഹത്തിന്റെ സമസ്ത മേഖലകളെയും ഉദ്ധരിക്കുന്നതിനായി സഭ അക്ഷീണം പരിശ്രമിക്കുന്നുണ്ട്. പക്ഷേ, സഭ ഇത് കൊട്ടിഘോഷിക്കാറില്ല. കാരണം ' നിന്റെ വലതുകരം ചെയ്യുന്നത് ഇടതുകരം അറിയരുത്' എന്ന യേശുനാഥന്റെ വാക്കുകൾ അന്വർഥമാക്കാനാണ്. 'ഈ എളിയവരിൽ ഒരുവന് ചെയ്തപ്പോൾ അത് എനിക്കുതന്നെയാണ് ചെയ്തത്' എന്ന യേശുനാഥന്റെ വാക്കുകളുടെ വെളിച്ചത്തിൽ സുവിശേഷപ്രഘോഷണത്തിന്റെ ഭാഗം തന്നെയാണ് ഈ പ്രവൃത്തികൾ. ഇതിനെല്ലാം പ്രതിഫലം ദൈവം തരുമെന്നാണ് നമ്മുടെ വിശ്വാസം. ഇക്കഴിഞ്ഞവർഷം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽതന്നെ പാവപ്പെട്ട രോഗികൾക്കായി 68 ലക്ഷം രൂപയുടെ സഹായം നൽകി. 38 ലക്ഷം രൂപയുടെ സൗജന്യ ഡയാലിസിസ് നടത്തി. 'ബ്ലെസ് എ ഹോം' പദ്ധതിയുടെ ഭാഗമായി രൂപത അതിർത്തിയിലെ ജാതിമത ഭേദമന്യേയുള്ള 700 കുടുംബങ്ങൾക്ക് പ്രതിമാസം 1000 രൂപവീതം നൽകിവരുന്നുണ്ട്. അഞ്ചുവർഷത്തേ ക്കാണ് ഈ പദ്ധതിയിൽ ഓരോ കുടുംബത്തിന്റെ ആനുകൂല്യം ലഭിക്കുന്നത്. സാമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായി ഓരോ വർഷവും കോടിക്കണക്കിനു രൂപയാണ് കേരളസഭ ചെലവഴിക്കുന്നത്. സഭ എന്നും എതിർപ്പുകളെ അതിജീവിച്ചാണ് വളർന്നിട്ടുള്ളത്. ഇനിയും അത് തുടരുകയും ചെയ്യും. ബിഷപ് കൂട്ടിച്ചേർത്തു.