ചങ്കിലെ ചോരയാൽ പ്രാണനിലെഴുതിയ നേരിന്റെ പേരാണു സ്നേഹം... കഥകളിവേദിക്ക് ഇന്നലെവരെ പരിചിതമല്ലാതിരുന്ന പദങ്ങളുടെ അകമ്പടിയിൽ അരങ്ങുണർന്നപ്പോൾ അതൊരു ചരിത്രമൂഹൂർത്തത്തിന്റെ ഉണർത്തുപാട്ടായിരുന്നു. സ്നേഹത്തിന്റെ സമാനതകളില്ലാത്ത പാഠങ്ങൾ ലോകത്തിനു പകർന്ന ക്രിസ്തുവിന്റെ ജീവിതസംഭവങ്ങൾക്കും സ്നേഹത്തിന്റെ കൂദാശയായ വിശുദ്ധ കുർബാനക്കും കഥകളിരൂപത്തിൽ പുത്തൻ ആവിഷ്കാരമൊരുങ്ങിയപ്പോൾ അതിനു സാക്ഷിയാവാൻ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ ജോർജ്ജ് ആലഞ്ചേരിയും വൈദികരും വിശ്വാസികളും കലാസ്വാദകരും എത്തി. ഫാ. ജോയി ചെഞ്ചേരിലിന്റെ നേതൃത്വത്തിൽ കലാമണ്ഡലത്തിലെ ഒരുപറ്റം കലാകാരൻമാർ അണിയിച്ചൊരുക്കിയ ദിവ്യകാരുണ്യ ചരിതം കഥകളി പാലാരിവട്ടം പിഒസിയിലാണ് അരങ്ങേറിയത്. അഞ്ചു രംഗങ്ങളായാണു കഥകളി രംഗത്തവതരിപ്പിച്ചത്. ആദ്യ രംഗത്തിൽ പീലാത്തോസും ഭാര്യയും തമ്മിൽ ക്രിസ്തുവിനെ ക്രൂശിക്കുന്നതിനെക്കുറിച്ചുള്ള സംഭാഷണമാണ്. യേശുവിന്റെ അദ്ഭുത പ്രവർത്തനങ്ങളെക്കുറിച്ചു പീലാത്തോസിന്റെയടുത്ത് ദൂതൻ വന്നു പറയുന്നതാണ് രണ്ടാമത്തെ രംഗത്തിന്റെ ഇതിവൃത്തം. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെക്കുറിച്ചും ഈ രംഗത്തു പ്രതിപാദിക്കുന്നുണ്ട്. ക്രിസ്തുവിനെ ഒറ്റിക്കൊടുത്തതിനു പ്രതിഫലമായി 30 വെള്ളിക്കാശ് ഏറ്റുവാങ്ങുന്ന യൂദാസിനെയാണു മൂന്നാമത്തെ രംഗത്ത് അവതരിപ്പിക്കുന്നത്. അന്ത്യ അത്താഴമാണു നാലാമത്തെ രംഗം. ക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും ആവിഷ്കരിക്കുന്ന അഞ്ചാമത്തെ ഭാഗത്തോടെ കഥകളിക്കു തിരശീല വീണു. ഫാ. ജോയി ചെഞ്ചേരിൽ രചിച്ച് മുരുകൻ കാട്ടാക്കട ആലപിച്ച വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ഇത് നിനക്കായ് എന്ന കവിതയെ ആസ്പദമാക്കി രാധ മാധവനാണ് ആട്ടക്കഥ രചിച്ചത്. എട്ടു കഥാപാത്രങ്ങളാണു ദിവ്യകാരുണ്യചരിതം കഥകളിയിൽ വേഷമിട്ടത്. കലാമണ്ഡലത്തിലുള്ളവരടക്കം പതിനഞ്ചംഗങ്ങളുടെ പ്രയത്നഫലമാണു കഥകളി. വിശുദ്ധ കുർബാനയുടെ സന്ദേശം കഥകളിയിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നത് ആദ്യമായാണ്. മേജർ ആർച്ച്ബിഷപ് മാർ ആലഞ്ചേരിയാണു കഥകളിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ദിവ്യകാരുണ്യത്തെ കലയുടെ ലോകത്തിന് ആസ്വാദ്യകരമാക്കുന്ന അനുഭവമാക്കിയ ഈ കഥകളിരൂപം ലോകത്തിനു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫാ. ജോയിയുടെയും സഹപ്രവർത്തകരുടെയും ഈ ഉദ്യമം ദൈവികമായ ഒരു കർമമാണെന്നും മാർ ആലഞ്ചേരി പറഞ്ഞു. ഡോ. ഡി. ബാബുപോൾ മുഖ്യപ്രഭാഷണം നടത്തി. ആട്ടക്കഥ രാധാ മാധവൻ കഥാവിവരണം നടത്തി. റവ.ഡോ.സ്റ്റീഫൻ ആലത്തറ, ഫാ. ജോർജ്ജ് കിഴക്കേമുറി, ഫാ. ജോയി ചെഞ്ചേരിൽ, ഫാ. അലക്സ് വെള്ളാശേരി എന്നിവർ പ്രസംഗിച്ചു. പറഞ്ഞു പഴകിയതിനപ്പുറം കഥകളിയിൽ പുതിയ പരീക്ഷണങ്ങൾ കാലത്തിന്റെ ആവശ്യമാണെന്നും അതിന്റെ ഭാഗമാണ് ദിവ്യകാരുണ്യ ചരിതം ആട്ടക്കഥയെന്നും ഫാ. ജോയി ചെഞ്ചേരിൽ പറഞ്ഞു. കഥകളിയെന്ന മലയാളത്തിന്റെ തനതു കലാരൂപത്തെ മലയാളികൾ മറക്കരുതെന്ന ഓർമപ്പെടുത്തൽ കൂടിയാണു പുതിയ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഥകളിയിൽ പിലാത്തോസായി കലാമണ്ഡലം കേശവനും പത്നിയായി കലാമണ്ഡലം സാജനും ദൂതനായി കലാമണ്ഡലം പ്രമോദും യൂദാസായി കലാമണ്ഡലം മനോജും ക്രിസ്തുവായി കലാമണ്ഡലം അരുൺ വാര്യരും പത്രോസായി ഫാ. ജോയി ചെഞ്ചേരിലും ലോഞ്ചിനോസായി കെ. സാജനുമാണു വേഷമിട്ടത്. കോട്ടക്കൽ മധുവും നെടുമ്പള്ളി രാംമോഹനനും പദങ്ങൾ ആലപിച്ചു. മനോജ് പള്ളൂരാണു സംഗീതം നൽകിയത്. കലാനിലയം ഉദയൻ നമ്പൂതിരി ചെണ്ടയും കലാമണ്ഡലം അനീഷ് മദ്ദളവും വായിച്ചു. പത്മനാഭനും സംഘവുമാണു വേഷക്കാർക്കു ചുട്ടികുത്തിയത്.