Monday, July 25, 2011

നീതിയുടെ വഴിയിൽ പീഡിതർക്കു വേണ്ടി അവരും കോട്ടണിഞ്ഞു

സമൂഹത്തിൽ പീഡനങ്ങൾ അനുഭവിക്കുന്നവർക്ക്‌ നീതി ലഭിക്കായി പൊരുതാൻ തിരുവസ്ത്രത്തിനൊപ്പം കറുത്ത കോട്ടണിഞ്ഞ്‌ അവരും ഇന്നലെ അഭിഭാഷകരായി. സഭയ്ക്കും സമൂഹത്തിനും സേവനം ചെയ്യാൻ ജീവിതം മാറ്റിവച്ച രണ്ടു വൈദികരും മൂന്നു കന്യാസ്ത്രീകളുമാണ്‌ ഇന്നലെ ഹൈക്കോടതി ഓഡിറ്റോറിയത്തിൽ അഭിഭാഷകരുടെ കുപ്പായമണിഞ്ഞത്‌. സിഎംഐ സഭാ വൈദികൻ ഫാ.തോമസ്‌ ചേപ്പില, കപ്പൂച്ചിൻ സന്യാസ സഭാ വൈദികൻ ഫാ. സിബി മാത്യു, സിസ്റ്റർ ജോളി ജോസഫ്‌, സിസ്റ്റർ സബീന, സിസ്റ്റർ സെലിൻ ജോസഫ്‌ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. തിരുവനന്തപുരം ക്രൈസ്റ്റ്‌ ഹോൾ ആശ്രമത്തിൽ വൈദികനായ ഫാ.തോമസ്‌ ചേപ്പിലയ്ക്ക്‌ എൻറോൾമെന്റ്‌ ചടങ്ങിനെത്തുമ്പോൾ മനസിൽ ഒരു സങ്കടമേ ഉണ്ടായിരുന്നുള്ളൂ - അഭിഭാഷകനാകണമെന്ന ആഗ്രഹത്തിന്‌ ഏറ്റവും കൂടുതൽ പിന്തുണ നൽകിയ പിതാവ്‌ ഒപ്പമില്ലല്ലോ എന്നത്‌. വൈദികനായ താൻ അഭിഭാഷകനാകുന്നത്‌ ഏറെ ആഗ്രഹിച്ചിരുന്ന പിതാവ്‌ സക്കറിയ ജോസ്‌ ഒരാഴ്ചമുൻപാണു മരിച്ചത്‌. ബാംഗളൂർ ധർമാരാം കോളജിൽനിന്ന്‌ ഫിലോസഫിയിലും ദൈവശാസ്ത്രത്തിലും ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവുമുള്ള ഫാ. തോമസ്‌ വൈദികശുശ്രൂഷകൾക്കുശേഷം വൈകുന്നേരങ്ങളിൽ സമയം കണ്ടെത്തിയാണ്‌ എൽഎൽബി പഠനം പൂർത്തിയാക്കിയത്‌. തിരുവനന്തപുരം ലോ അക്കാദമിയിൽനിന്നാണ്‌ നിയമബിരുദം നേടിയത്‌. അടുത്ത വർഷം എൽഎൽഎമ്മിന്‌ ചേരണമെന്നാണ്‌ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. ആലപ്പുഴ പുന്നക്കുന്നത്തുശേരി സെന്റ്‌ ജോസഫ്‌ ഇടവകാംഗമാണ്‌. ചങ്ങനാശേരി രാജമറ്റം പള്ളിവികാരി ഫാ. സിറിൽ ചേപ്പില ജ്യേഷ്ഠ സഹോദരനാണ്‌. അമ്മ തങ്കമ്മ. ചേച്ചിയും, അനുജനുമുണ്ട്‌. കപ്പൂച്ചിൻ സഭാ വൈദികനായ ഫാ.സിബി മാത്യു അഭിഭാഷകനായതു സ്വന്തമായ ആഗ്രഹപ്രകാരമാണ്‌. തിരുവനന്തപുരം മണ്ണന്തല റാണിഗിരി ആശ്രമദേവാലയത്തിലെ വൈദികനാണ്‌ ഫാ.സിബി മാത്യു. സാമൂഹിക പ്രവർത്തനങ്ങൾക്ക്‌ ഏറെ താത്പര്യം കാട്ടുന്ന ഫാ.സിബി മാത്യു അസീസി നികേതനം വൃദ്ധസദനത്തിന്റെ ഡയറക്ടറാണ്‌. കാഞ്ഞിരപ്പള്ളി പാറടിയിൽ ഏബ്രഹാം മാത്യുവിന്റെയും ഏലിയാമ്മയുടെയും മകനാണു ഫാ. സിബി മാത്യു. സാമൂഹിക സേവനത്തിലെ താത്പര്യമാണു തന്നെ അഭിഭാഷകയാക്കിയതെന്നു സിസ്റ്റർ ജോളി ജോസഫ്‌ പറയുന്നു. ചങ്ങനാശേരി എസ്‌.എച്ച്‌ കോൺവന്റിലെ അംഗമാണ്‌. രാജഗിരി കോളജിൽനിന്നു സോഷ്യൽ വർക്കിൽ ബിരുദം നേടിയ സിസ്റ്റർ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കാനാണു കൂടുതൽ താത്പര്യം കാട്ടുന്നത്‌. എറണാകുളം ലോകോളജിൽനിന്ന്‌ ഈ വർഷം പഠിച്ചിറങ്ങിയ സിസ്റ്റർ 2002ലാണു കന്യാസ്ത്രീയായി സഭാവസ്ത്രമണിഞ്ഞത്‌. സേവനം ജീവിതമാക്കിയ തങ്ങൾക്കു ജനസേവനത്തിന്‌ ദൈവം നൽകിയ മറ്റൊരവസരമാണിതെന്നും സിസ്റ്റർ ജോളി ജോസഫ്‌ പറയുന്നു. ചക്കുളത്തുകാവ്‌ മുട്ടാർ ചീരംവീട്ടിൽ ജോസിന്റെയും മറിയാമ്മയുടെയും ഏക മകളാണ്‌ സിസ്റ്റർ ജോളി ജോസഫ്‌. പൂനയിലെ വായ്ഗഡ്‌ വനമേഖലയിലെ ആദിവാസികൾക്കു നേരെയുണ്ടാകുന്ന നീതിനിഷേധം നേരിൽ കണ്ടാണ്‌ സിസ്റ്റർ സെലിൻ ജോസഫ്‌ നിയമ പഠനത്തിന്‌ ഇറങ്ങിയത്‌. സമൂഹത്തിൽ അവഗണനകൾ നേരിടുന്നവർക്ക്‌ അവകാശങ്ങൾ വാങ്ങിക്കൊടുക്കാൻ അഭിഭാഷക പദവി ഉപയോഗപ്പെടുത്തുമെന്നു സിസ്റ്റർ സെലിൻ ജോസഫ്‌ പറയുന്നു. വൈപ്പിൻ മാറാട്ടുപറമ്പ്‌ ഇടവകാംഗമായ സിസ്റ്റർ സെലിൻ ജോസഫ്‌ 24 വർഷം മുൻപാണ്‌ കന്യാസ്ത്രീയാകണമെന്ന മോഹവുമായി സെന്റ്‌ റാഫേൽ മേരി കോൺവന്റിൽ എത്തിയത്‌. കന്യാസ്ത്രീയായതിനുശേഷം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ അതുരസേവനപ്രവർത്തനങ്ങൾ നടത്തിയ സിസ്റ്റർ ആരോരുമില്ലാത്തവർക്ക്‌ അശ്രയമായിരുന്നു. ഇപ്പോൾ കാക്കനാട്ട്‌ മാനസിക വൈകല്യമുള്ള വിദ്യാർഥികളെ യോഗ പരിശീലിപ്പിക്കുന്നുണ്ട്‌.