അമ്പലങ്ങളിലും ആൽത്തറകളിലും നിറഞ്ഞാടിയ കഥകളി വേഷങ്ങൾ അൾത്താരയുടെയും അന്ത്യഅത്താഴത്തിന്റെയും കഥ പറയാനൊരുങ്ങുന്നു. ചരിത്രത്തിൽ ആദ്യമായി ദിവ്യകാരുണ്യ(വിശുദ്ധ കുർബാന)സന്ദേശം കഥകളിയിലൂടെ ആവിഷ്കരിക്കുന്നതിനാണു വേദിയൊരുങ്ങുന്നത്. ക്രിസ്തീയ ഗാനരചനയിൽ ശ്രദ്ധേയനായ യുവവൈദികനും കലാമണ്ഡലത്തിലെ ഒരുസംഘം പ്രതിഭകളും ചേർന്നൊരുക്കുന്ന 'ദിവ്യകാരുണ്യചരിതം' ഏതാനും ദിവസങ്ങൾക്കുള്ളിൽ കലാകേരളത്തിന് ഒരു വിസ്മയമായി അരങ്ങേറും. അടുത്ത 21നു പാലാരിവട്ടം പിഒസിയാണ് ഈ അപൂർവ നിമിഷങ്ങൾക്കു വേദിയാകുന്നത്. ക്രൈസ്തവ സന്ദേശമുള്ള കഥകളി രൂപപ്പെടുത്തുന്നതിൽ ഒറ്റപ്പെട്ട ശ്രമങ്ങൾ മുമ്പു നടന്നിട്ടുണെ്ടങ്കിലും തികച്ചും പ്രഫഷണൽ ആയ ഒരു സംഘം കലാകാരൻമാർ ഒത്തുചേരുന്നു എന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത. ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ് വിശുദ്ധ കുർബാനയെക്കുറിച്ചു രചിച്ച 'ഇതാ നിനക്കായ്' എന്ന കവിതയെ അടിസ്ഥാനമാക്കിയാണ് ആട്ടക്കഥ തയാറാക്കിയിരിക്കുന്നത്. കവിതയുടെ ഉള്ളടക്കത്തെ ആട്ടക്കഥയിലേക്കു സന്നിവേശിപ്പിച്ചതു പ്രശസ്ത ആട്ടക്കഥാകൃത്തും അധ്യാപികയും ഗവേഷകയുമായ കോഴിക്കോട് സ്വദേശിനി രാധാ മാധവനാണ്. കഥകളിക്കു പേരുകേട്ട പുല്ലൂർ മനയിലെ കലാമണ്ഡലം സാജനാണു കഥാപാത്രങ്ങളുടെ വേഷവും ആട്ടവും ക്രമപ്പെടുത്തിയത്. ദിവ്യകാരുണ്യചരിതത്തിലെ സ്ത്രീവേഷത്തിലൂടെ അദ്ദേഹം വേദിയിലെത്തുകയും ചെയ്യും. യേശുദേവൻ, പീലാത്തോസ്, പത്നി, ദൂതൻ, യൂദാസ്, പത്രോസ്, കിങ്കരൻമാർ തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാ ണു നൂറു മിനിറ്റിൽ ദിവ്യകാരുണ്യചരിതം ഇതൾ വിരിയുന്നത്. കലാമണ്ഡലത്തി ലെ പ്രഗത്ഭരായ കോട്ടയ്ക്കൽ കേശവൻ, കലാമണ്ഡലം സാജൻ, കലാമണ്ഡലം പ്രമോദ്, കലാമണ്ഡലം മനോജ്, കലാമണ്ഡലം അരുൺ വാര്യർ, കലാമണ്ഡലം ബാജിയോ തുടങ്ങിയവരുടെ മുദ്രകൾ ദിവ്യകാരുണ്യചരിതത്തെ വേദിയിൽ ഭാവസാന്ദ്രമാക്കും. കോട്ടയ്ക്കൽ മധു, നടുംപള്ളി റാം മോഹൻ എന്നിവരാണു പാട്ട്. സംഗീതം മനോജ് പുല്ലൂരിന്റേതാണ്. കലാമണ്ഡലം ഉദയൻ നമ്പൂതിരി ചെണ്ടയും കലാമണ്ഡലം അനീഷ് മദ്ദളവും കലാനിലയം പത്മനാഭനും സംഘവും ചുട്ടിയും നിർവഹിക്കും. മഞ്ജുദാര മാങ്ങോടിന്റേതാണു വേഷം. 'ഇത്ര ചെറുതാകാനെത്ര വളരേണം' എന്ന ഗാനത്തിലൂടെ ക്രിസ്ത്രീയ ഗാനരംഗത്തു പ്രശസ്തനായ ഫാ. ചെഞ്ചേരിൽ ദൈവശാസ്ത്രത്തിൽ ഗവേഷണവിദ്യാർഥിയാണ്. കോട്ടയം മാന്നാർ സ്വദേശിയായ അദ്ദേഹം 2000ൽ ആണ് എംസിബിഎസ് സഭയിൽ വൈദികപട്ടം സ്വീകരിച്ചത്. ദിവ്യകാരുണ്യചരിതത്തിന്റെ അവസാന റിഹേഴ്സൽ 13, 14 തീയതികളിൽ കോഴിക്കോട്ട് നടക്കും. 21ന് വൈകുന്നേരം 5.30ന് പിഒസിയിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ ജോർജ്ജ് ആലഞ്ചേരി അരങ്ങേറ്റം ഉദ്ഘാടനം ചെയ്യും. ഡോ. ഡി. ബാബുപോൾ പ്രഭാഷണം നടത്തും. എംസിബിഎസ് സുപ്പീരിയർ ജനറൽ ഫാ. ജോർജ്ജ് കിഴക്കേമുറി ആശംസകളർപ്പിക്കും. ഫാ. അലക്സ് വേലച്ചേരിൽ, ജോസഫ് അലക്സാണ്ടർ, ഫാ. ജോയി ചെഞ്ചേരിൽ എന്നിവർ രൂപം കൊടുത്ത മിസ്ട്രി ക്രിയേഷൻസ് ആണ് ദിവ്യകാരുണ്യചരിതത്തിന്റെ നിർമാണവും അവതരണവും. ക്രൈസ്തവ ദേവാലയ പരിസരങ്ങളും കേരളത്തിന്റെ തനതുകലയായ കഥകളിയുടെ മുദ്രകളിൽ വിസ്മയഭരിതമാകുന്ന കാലം വിദൂരമ ല്ലെന്ന പ്രതീക്ഷയിലാണു സംഘാടകർ