സമൂഹത്തിൽ നന്മയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ഏതൊരു ശ്രമവും ശ്ലാഘനീയമാണെന്നും ഒരു പാട് നന്മകൾ ഈ സമൂഹത്തിൽ നിലനിൽക്കുന്നുവെന്നതിന് തെളിവാണ് ആതുര ശുശ്രൂഷാരംഗത്തെ യുവജനങ്ങളുടെ പ്രവർത്തനമെന്നും തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം പറഞ്ഞു. കെ.സി.വൈ.എം. പേട്ട ഫൊറോനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന നിർധന രോഗികൾക്കുള്ള സൗജന്യ മരുന്നു വിതരണ പദ്ധതി ‘സാന്ത്വനം -2011’ ന്റെ ഉദ്ഘാടനം കുമാരപുരം ഫാ.പാട്രിക് ഡിക്രൂസ് മെമ്മോറിയൽ ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്. രോഗികളെ ദൈവമായിക്ക് ശുശ്രൂഷിക്കുവാൻ കഴിയണം. ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും മികച്ച ചികിത്സ നൽകാനാണ് നാം ശ്രമിക്കേണ്ടത്. അത്തരത്തിൽ നമ്മുടെ ആതുര സ്ഥാപനങ്ങൾ മാറണം. അഴിമതിക്കും ചൂഷണത്തിനും പഴുതില്ലാതെ നിക്ഷിപ്ത താൽപര്യങ്ങൾക്ക് അടിമപ്പെടാതെ നന്മചെയ്യുമ്പോഴുണ്ടാകുന്ന സന്തോഷവും സംതൃപ്തിയും അനുഭവിക്കാൻ ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ രോഗികൾക്ക് കഴിഞ്ഞ 14 വർഷമായി മുടക്ക മില്ലാതെ ഭക്ഷണം നൽകുന്ന കുമാരപുരം ഇടവകയുടെ മാതൃക പിന്തുടർന്നാണ് സൗജന്യമരുന്ന് വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.