Wednesday, July 27, 2011

കെസിബിസി വനിതാ കമ്മീഷൻ വാർഷികസമ്മേളനം സമാപിച്ചു

കെസിബിസി വനിതാ കമ്മീഷന്റെ ദ്വിദിന വാർഷികസമ്മേളനം പിഒസിയിൽ സമാപിച്ചു. കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്‌ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസുരക്ഷ, പാർപ്പിടപദ്ധതികൾ എന്നിവയുടെ നടത്തിപ്പിൽ സ്ത്രീകൾക്കു പ്രാധാന്യം നൽകുന്ന നിലപാടാണു കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്‌. കരുത്തും കഴിവും സമൂഹത്തിനുവേണ്ടി ഉപയോഗിക്കാൻ സ്ത്രീകൾ പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭ നവസുവിശേഷവത്ക്കരണത്തെക്കുറിച്ചു ചിന്തിക്കുന്ന അവസരത്തിൽ വിശ്വാസ കൈമാറ്റത്തിനു കൂടുംബത്തിലും സമൂഹത്തിലും മുൻകൈ എടുക്കേണ്ടതു സ്ത്രീകളാണെന്ന്‌ അനുഗ്രഹപ്രഭാഷണം നടത്തിയ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി പറഞ്ഞു. സ്ത്രീകൾ സേവനമേഖലകളിൽ സജീവമാകണമെന്നും അതിനുവേണ്ട സഹായം ചെയ്യാൻ സഭ തയാറാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെയും മറ്റ്‌ ആധുനിക സങ്കേതിക സംവിധാനങ്ങളുടെയും സ്വാധീനത്തിൽ സ്ത്രീകൾ വൈകാരികതയ്ക്കു അടിമപ്പെടാതിരിക്കണമെന്നു സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ വരാപ്പുഴ ആർച്ച്ബിഷപ്‌ ഡോ.ഫ്രാൻസിസ്‌ കല്ലാര്റയ്ക്കൽ ഓർമിപ്പിച്ചു. കെസിബിസി വനിതാ കമ്മീഷൻ ചെയർമാൻ ബിഷപ്‌ ജോസഫ്‌ മാർ തോമസ്‌ അധ്യക്ഷത വഹിച്ചു. മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരിയെ വനിതാ കമ്മീഷനുവേണ്ടി സെക്രട്ടറി ആനി റോഡ്നി അനുമോദിച്ചു. സിബിസിഐ വനിതാ കമ്മീഷൻ സെക്രട്ടറി സിസ്റ്റർ ഹെലൻ സൽദാന, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ.സ്റ്റീഫൻ ആലത്തറ, ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ.ജോസ്‌ കോട്ടയിൽ, അൽമായ കമ്മീഷൻ സെക്രട്ടറി അഡ്വ.ജോസ്‌ വിതയത്തിൽ, വനിതാ കമ്മീഷൻ ജോയിന്റ്‌ സെക്രട്ടറി റോസക്കുട്ടി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ ശാലിനി, റവ.ഡോ.ജോർജ്ജ്‌ കുഴിപ്പള്ളി, അഡ്വ. അഞ്ജലി സൈറസ്‌, സെബാസ്റ്റ്യൻ ജോസഫ്‌ എന്നിവർ ക്ലാസുകൾ നയിച്ചു. കേരളത്തിലെ വിവിധ രൂപതകളിൽനിന്നു നൂറു പ്രതിനിധികൾ പങ്കെടുത്തു.