Thursday, July 28, 2011

പ്രതിസന്ധികളെ നേരിടാൻ പുതുതലമുറയെ പ്രാപ്തരാക്കണം: മാർ ജോസഫ്‌ പെരുന്തോട്ടം

അധ്വാനവും ക്ലേശവും ഒഴിവാക്കി മാതാപിതാക്കൾ മക്കൾക്ക്‌ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത്‌ ആപത്താണെന്നും ജീവിതപ്രതിസന്ധികളെ നേരിടാൻ അവരെ പ്രാപ്തരാക്കുകയാണു വേണ്ടതെന്നും ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പെരുന്തോട്ടം. ഭരണങ്ങാനത്തു വിശുദ്ധ അൽഫോൻസാ തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്‌. പ്രയാസങ്ങളെ അതിജീവിച്ചു മുന്നേറുമ്പോൾ ആത്മധൈര്യവും പ്രത്യാശയും നൽകുന്നുവെന്നാണ്‌ അൽഫോൻസാമ്മ തന്റെ ജീവിതം വഴി പഠിപ്പിക്കുന്നത്‌. സഹനത്തെ ദൈവസ്നേഹത്തിന്റെ അടയാളമായാണ്‌ അൽഫോൻസാമ്മ കണ്ടത്‌. ചെറിയ ക്ലേശം പോലും ആധുനികലോകത്തെ മനുഷ്യനു സഹിക്കാൻ സാധിക്കുന്നില്ല. പരീക്ഷയ്ക്കു തോറ്റാലും മാതാപിതാക്കൾ വഴക്കുപറഞ്ഞാലും ചെറിയ ഒറ്റപ്പെടുത്തലുകളുണ്ടായാലും ജീവിതത്തിൽനിന്നു തന്നെ പാടേ ഒളിച്ചോടാനാണു പുതുതലമുറ താത്പര്യം കാണിക്കുന്നത്‌. സഹനജീവിതത്തിൽ അൽഫോൻ സാമ്മയെ മാതൃകയാക്കണമെന്നും ആർച്ച്ബിഷപ്‌ പറഞ്ഞു.