സ്വാശ്രയ വിദ്യാഭ്യാസ വിഷയത്തിൽ കത്തോലിക്കാ സഭയെ ഒറ്റപ്പെടുത്തി ആക്രമിച്ചു ദുഷ്പ്രചാരണങ്ങളിലൂടെ സംശയത്തിന്റെ പുകമറ ഉയർത്താൻ തത്പരകക്ഷികൾക്ക് ഏതാണ്ട് കഴിഞ്ഞെങ്കിലും യഥാർഥ വസ്തുതകൾ ഇപ്പോൾ വെളിപ്പെടുകയാണെന്നു കെആർഎൽസിസി സമ്മേളനം വിലയിരുത്തി. ഉദ്ദേശ്യ ശുദ്ധിയോടും യാഥാർഥ്യബോധത്തോടും അന്യോന്യ ആദരവോടുംകൂടി ഈ രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ ഏതു കേന്ദ്രത്തിൽനിന്നുമുണ്ടടാകുന്ന പരിശ്രമത്തോടും ക്രിയാത്മകമായി സമുദായം സഹകരിക്കും. ഇക്കാര്യത്തിൽ കത്തോലിക്കാ സഭയുടെ പൊതുസമീപനമാണിതെന്നു സമ്മേളനതീരുമാനങ്ങൾ വിശദീകരിക്കവേ പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.സൂസപാക്യം വ്യക്തമാക്കി. സമുദായത്തിനു പുനർ നവോഥാനം ലക്ഷ്യമിട്ട് ആഭ്യന്തരമായ വിലയിരുത്തലുകളും തിരുത്തലുകളും അനിവാര്യമാണ്. ധാരാളിത്തം, ധൂർത്ത്, മദ്യാസക്തി തുടങ്ങിയ സാമൂഹ്യ തിന്മകൾക്കെതിരേ വിവിധ തലങ്ങളിൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കും. വിനോദസഞ്ചാര, കാർഷിക, മത്സ്യമേഖലകളിലെ വിഭവങ്ങളുടെ മൂല്യവർധന, മനുഷ്യശേഷി വികസനം എന്നീ രംഗങ്ങളിലെ സാധ്യതകൾ വിലയിരുത്തി ഇന്ത്യയിലും വിദേശങ്ങളിലുമുള്ള സമുദായാംഗങ്ങളുടെകൂടി സഹകരണത്തോടെ പദ്ധതികൾ ആവിഷ്കരിക്കും. ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതു സംബന്ധിച്ച സർക്കാർ ഉത്തരവിലെ 1947 എന്ന പരാമർശം അനാവശ്യവും അപ്രസക്തവും ആകയാൽ അടിയന്തരമായി നീക്കം ചെയ്യണം. ജാതി സർവേയുടെ ചോദ്യാവലിയിലെയും വിവരശേഖരണത്തിന് അവലംബിച്ചിരിക്കുന്ന രീതിയിലെയും അപാകതകൾ ഉടൻ പരിഹരിക്കണം. 15 ഇന ചോദ്യമായി ഉന്നയിച്ചിരിക്കുന്നതു സാമ്പത്തിക സ്ഥിതിയാണ്. ആ ചോദ്യം ഒഴിവാക്കണം. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെട്ടവരാണു ജാതി സർവേ നടത്തുന്നത്. എത്രമാത്രം ഗൗരവമാണ് ഇക്കാര്യത്തിലുള്ളതെന്ന സംശയം ഉയരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ബിഷപ് ഡോ.ജോസഫ് കരിയിൽ, സെക്രട്ടറിമാരായ ഷാജി ജോർജ്ജ്, ജെയിൻ ആൻസിൽ ഫ്രാൻസിസ്, ട്രഷറർ ഡോ.എസ്.റെയ്മൺ, ഇഗ്നേഷ്യസ് ഗോൺസാൽവസ് എന്നിവരും പങ്കെടുത്തു.