കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ ലത്തീൻ സമൂദായത്തിന് അർഹിക്കുന്ന പരിഗണന നൽകുന്നില്ലെന്ന് ആർച്ച്ബിഷപ് ഡോ.എം.സൂസപാക്യം. കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) പതിനെട്ടാമതു ജനറൽ ബോഡി യോഗം ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചിയിലൊഴികെ മറ്റൊരിടത്തും സമുദായത്തിനു വേണ്ടത്ര സ്വാധീനമില്ലെന്നാണു പല രാഷ്ട്രീയ കക്ഷികളുടെയും ധാരണ. ഇതു തിരുത്തപ്പെടണം. നിയമസഭാ തെരഞ്ഞെടുപ്പിൽ സമുദായാംഗങ്ങളായ പലരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ കത്തോലിക്കരിൽ മൂന്നിലൊന്ന് അംഗബലമുള്ള ലത്തീൻ കത്തോലിക്കാ സഭയുടെ മഹത്തായ പൈതൃകത്തെക്കുറിച്ചു സഭാംഗങ്ങളിലും സമൂഹത്തിലും ആഴത്തിലുള്ള അവബോധം രൂപപ്പെടേണ്ടതുണ്ട്. ആനുകാലിക വിഷയങ്ങളിൽ ലത്തീൻ കത്തോലിക്കാ സഭ സ്വന്തമായ നിലപാടുകളെടുത്തു മുന്നോട്ടുപോകും. സ്വാശ്രയ വിഷയത്തിൽ കേരളസഭ മുറുകെപ്പിടിക്കുന്ന മൂല്യങ്ങളെയും നിലപാടുകളെയും പൂർണമായും പിന്തുണക്കും. ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചു ചില മാധ്യമങ്ങൾ തെറ്റായ ധാരണകൾ പടർത്താൻ ശ്രമിക്കുന്നുണ്ട്. മാധ്യമരംഗത്തു സഭ സാന്നിധ്യമറിയിക്കേണ്ട കാലം അതിക്രമിച്ചു. കെആർഎൽസിസി നേതൃത്വം കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്നും ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം പറഞ്ഞു. കെആർഎൽസിസി വൈസ് പ്രസിഡന്റ് ബിഷപ് ഡോ.ജോസഫ് കരിയിൽ അധ്യക്ഷത വഹിച്ചു. ചാൾസ് ഡയസ് എംപി, ഫാ. പയസ് ആറാട്ടുകുളം എന്നിവർ പ്രസംഗിച്ചു.