Wednesday, August 31, 2011

ദളിത്‌ ക്രൈസ്തവർക്ക്‌ സംവരണം ലഭ്യമാക്കണം: രാഷ്ട്രപതിയോട്‌ മാർ ആലഞ്ചേരിയുടെ അഭ്യർഥന

ഭാരതത്തിലെ ദളിത്‌ ക്രൈസ്തവർക്കു സംവരണം അനുവദിക്കുന്നതിൽ പ്രത്യക പരിഗണന നൽകണമെന്ന്‌ സീറോ മലബാർ സഭാ മേജർ ആർച്ച്‌ ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി രാഷ്ട്രപതി പ്രതിഭാ പാട്ടീലിനോട്‌ അഭ്യർഥിച്ചു. കാലങ്ങളായി ക്രൈസ്തസഭ ഉന്നയിക്കുന്ന ആവശ്യമാണിതെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം ക്നാനായ അതിരൂപതയുടെ ശതാബ്ദി സമാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണു വേദിയിൽ സന്നിഹിതയായിരുന്ന രാഷ്ട്രപതിയോട്‌ സമുദായത്തിന്റെ കാലങ്ങളായുള്ള ആവശ്യം മേജർ ആർച്ച്ബിഷപ്‌ ശ്രദ്ധയിൽപ്പെടുത്തിയത്‌. സഭയുടെ ആവശ്യം അനുഭാവത്തോടെയാണ്‌ രാഷ്ട്രപതി കേട്ടത്‌. ഭാരതത്തിന്റെ മഹത്തായ സംസ്കാരത്തോട്‌ ഇഴുകിച്ചേർന്ന ന്യൂനപക്ഷമാണ്‌ ക്രൈസ്തവർ. ആരോഗ്യ വിദ്യാഭ്യാസരംഗങ്ങളിൽ വിലമതിക്കാനാവാത്ത സംഭാവനകളും സേവനവുമാണ്‌ സഭ നൽകിവരുന്നത്‌. ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ വലിയൊരു വിഭാഗം ഈ സമുദായത്തിലുണ്ടായിരിക്കെയാണ്‌ ഇതര മതസ്ഥരുടെയും ക്ഷേമത്തിനു സഭ മുൻതൂക്കം നൽകുന്നത്‌. ഇക്കാര്യങ്ങൾ പരാമർശിച്ചുകൊണ്ടാണ്‌ രാഷ്ട്രത്തിന്റെ പ്രഥമ വനിതയോട്‌ ദളിത്‌ ക്രൈസ്തവർക്ക്‌ ജോലി സംവരണം ഉൾപ്പെടെയുള്ള ആവശ്യം മാർ ആലഞ്ചേരി ഉന്നയിച്ചത്‌.