Tuesday, August 30, 2011

അധ്യാപക നിയമന പാക്കേജ്‌: പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുമെന്ന്‌ മാർ ജോസഫ്‌ പവ്വത്തിൽ

വിദ്യാഭ്യാസ വകുപ്പു നിർദേശിച്ചിരിക്കുന്ന അധ്യാപക നിയമനപാക്കേജിന്റെ പലഭാഗങ്ങളും നിയമത്തിനും ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനും നിരക്കുന്നതല്ലെന്ന്‌ ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ. വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കാൻ മാത്രമേ ഈ നിർദേശം സഹായിക്കൂ. ന്യൂനപക്ഷ താത്പര്യങ്ങളും അവഗണിക്കപ്പെട്ടിരിക്കുന്നു എന്നു വേണം പറയാനെന്നും മാർ പവ്വത്തിൽ കൂട്ടിച്ചേർത്തു. അതുകൊണ്ട്‌ എല്ലാതലങ്ങളിലുമുളള വിശദമായ പഠനങ്ങൾക്കും കൃത്യമായ കൂടിയാലോചനകൾക്കും ശേഷം മാത്രമേ അധ്യാപക നിയമനപാക്കേജിനു രൂപം നൽകാവൂ എന്ന്‌ അദ്ദേഹം നിർദേശിച്ചു. ഇപ്പോൾ നിർദേശിച്ചിരിക്കുന്ന ടീച്ചേഴ്സ്‌ ബാങ്ക്‌, തസ്തികകൾക്കുളള സർക്കാരിന്റെ അംഗീകാരം തേടൽതുടങ്ങിയ കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ല. കോപറേറ്റ്‌ മാനേജുമെന്റുകളിൽ ഒന്നുംതന്നെ സംരക്ഷിത അധ്യാപകരില്ല. അങ്ങനെ തസ്തികകൾ സൃഷ്ടിച്ചിട്ടുമില്ല. കേരളത്തിൽ എല്ലാവർക്കും ധനിക, ദരിദ്രഭേദമില്ലാതെ ഗുണനിലവാരമുളള പൊതു വിദ്യാഭ്യാസം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്‌ എയ്ഡഡ്‌ സ്കൂളുകൾ. സർക്കാരിന്റെ വിദ്യാലയങ്ങളിൽ ഓരോ വർഷവും ലക്ഷക്കണക്കിനു രൂപ കെട്ടിടത്തിന്റെ നവീകരണത്തിനും മറ്റു സംവിധാനങ്ങൾ ക്രമീകരിക്കാനും സർക്കാർ നൽകുമ്പോൾ എയ്ഡഡ്‌ സ്ഥാപനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാൻ ഗവൺമെന്റു തയാറാകുന്നില്ല. വിദ്യാഭ്യാസ രംഗത്തെ സർക്കാരിന്റെ സാമ്പത്തിക ബാധ്യത ഗണ്യമായി കുറയ്ക്കുകയും എല്ലാവർക്കും സൗജന്യമായി നല്ല വിദ്യാഭ്യാസം നൽകാൻ സഹായിക്കുകയും ചെയ്യുന്ന എയ്ഡഡ്‌ സ്ഥാപനങ്ങളെ വളർത്തുന്നതിനു പകരം സർക്കാരിന്റെ വിദ്യാലയങ്ങളാക്കി മാറ്റി ഒരു വിധത്തിൽ ദേശസാത്കരണത്തിനുളള നീക്കമാണ്‌ ഇപ്പോഴത്തെ പാക്കേജിൽ കാണാൻ കഴിയുന്നത്‌ എന്ന ആരോപണത്തിനു പ്രസക്തിയുണെന്നും മാർ പവ്വത്തിൽ ചൂണ്ടിക്കാട്ടി.