Tuesday, August 23, 2011

സർക്കാർ ആനുകൂല്യങ്ങൾ ഏറ്റവും കുറവ്‌ വാങ്ങുന്നത്‌ കത്തോലിക്കർ: മാർ ആൻഡ്രൂസ്‌ താഴത്ത്‌

സർക്കാരിന്റെ ആനുകൂല്യങ്ങൾ ഏറ്റവും കുറവ്‌ വാങ്ങിക്കുന്നത്‌ കത്തോലിക്കർ മാത്രമാണെന്ന്‌ ആർച്ച്ബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌. സാമൂഹ്യസേവനരംഗത്ത്‌ തൃശൂർ അതിരൂപത ചെയ്യുന്ന സാമൂഹ്യസേവനങ്ങൾ ജില്ലയിൽ സർക്കാർപോലും ചെയ്യുന്നില്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയിൽ തൃശൂർ അതിരൂപത ശതോത്തര രജതജൂബിലിയോടനുബന്ധിച്ച്‌ അതിരൂപതയിൽ ആദ്യമായി സംഘടിപ്പിച്ച കണ്ടശാംകടവ്‌ ഫൊറോന അസംബ്ലിയിൽ സമാപന സന്ദേശം നൽകുകയായിരുന്നു ആർച്ച്ബിഷപ്‌. ന്യൂനപക്ഷമായ കത്തോലിക്കർക്ക്‌ സർക്കാരിൽനിന്ന്‌ ജോലികളിൽ പോലും സംവരണം ലഭിക്കുന്നില്ല -മാർ താഴത്ത്‌ ചൂണ്ടിക്കാട്ടി. 50 ശതമാനം കുട്ടികളിൽനിന്ന്‌ ഇരട്ടി കാപ്പിറ്റേഷൻ വാങ്ങി സർക്കാൽ ലിസ്റ്റ്‌ പ്രകാരം നൽകുന്ന പണക്കാരുടെ മക്കളെ വെള്ളാപ്പള്ളി നടേശന്റെ മകനെപോലും പണംവാങ്ങാതെ സ്വാശ്രയ കോളേജുകളിൽ സഭ പഠിപ്പിക്കണമെന്നാണ്‌ മുൻ മന്ത്രി എം.എ. ബേബിയും ഇപ്പോൾ യുഡിഎഫ്‌ സർക്കാരും പറയുന്നത്‌. അങ്ങനെവരുമ്പോൾ വെറുതെ പഠിച്ചതിന്റെ പേരിൽ രാഷ്ട്രീയകക്ഷികൾക്ക്‌ വോട്ടുകിട്ടും. അതിനുള്ള ചെലവ്‌ മുഴുവൻ സഭ നടത്തുന്ന സ്വാശ്രയകോളജിലെ 50 ശതമാനം വിദ്യാർഥികൾ വഹിക്കണമെന്ന്‌ പറയുന്നത്‌ എന്ത്‌ സാമൂഹ്യനീതിയാണ്‌ -മാർ താഴത്ത്‌ ചോദിച്ചു. സ്കൂളുകളിൽ ഈവർഷം നിയമിച്ച അധ്യാപകരെ പോലും ടീച്ചേഴ്സ്‌ ബാങ്കിന്റെ മറവിൽ പിരിച്ചുവിടാനാണ്‌ സർക്കാർ ശ്രമം -അദ്ദേഹം പറഞ്ഞു. സത്യം പറയുന്നതുകൊണ്ട്‌ തെരഞ്ഞുപിടിച്ച്‌ മാധ്യമങ്ങളിലൂടെ കത്തോലിക്കസഭയെ കരിവാരിതേയ്ക്കാൻ ശ്രമം വ്യാപകമാണ്‌ -മാർ താഴത്ത്‌ പറഞ്ഞു. ജോലി നൽകുന്ന ഫാക്ടറിയല്ല സഭ. ജോലികിട്ടാൻ പ്രോത്സാഹനം നൽകുകയാണ്‌ സഭയുടെ ജോലി. സഭ പ്രോത്സാഹനം നൽകുന്നതുകൊണ്ടാണ്‌ സഭാസ്ഥാപനങ്ങളിൽ നിരവധിപേർ പഠിച്ച്‌ വിവിധ മേഖലകളിൽ ജോലി നേടുന്നത്‌-മാർ താഴത്ത്‌ ചൂണ്ടിക്കാട്ടി. കാർഷികരംഗത്തെ വളർത്തി പ്രോത്സാഹിപ്പിച്ചതും ആതുരശുശ്രൂഷ, വിദ്യാഭ്യാസം, അധ്യാപനം, ബാങ്കിംഗ്‌, വാണിജ്യമേഖലകളിലെല്ലാം സഭാംഗങ്ങൾ നൽകിയ സേവനം മറക്കാൻ പാടില്ല. നമ്മൾ ചെയ്യുന്നതിനെക്കുറിച്ച്‌ അഭിമാനബോധമുണ്ടാകണം -അദ്ദേഹം ഓർമിപ്പിച്ചു. ബാങ്കിംഗ്‌ രംഗത്തുനിന്ന്‌ നമ്മെ പുറത്താക്കിക്കൊണ്ടിരിക്കുകയാണ്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. സുവിശേഷം കേൾക്കാത്തവർക്ക്‌ സുവിശേഷം നൽകാനും സുവിശേഷമറിയുന്നവർ സുവിശേഷത്തിൽ ആഴപ്പെടുകയും വേണം. പുതിയകാലഘട്ടത്തിൽ ഊന്നൽ നൽകേണ്ടത്‌ നവസുവിശേഷവത്കരണത്തിനാണ്‌-മാർ താഴത്ത്‌ ഉദ്ബോധിപ്പിച്ചു.