Saturday, September 24, 2011

മാർട്ടിൻ ലൂഥറിന്റെ നാട്ടിൽ സഭൈക്യ സന്ദേശവുമായി മാർപാപ്പയെത്തി

പ്രൊട്ടസ്റ്റന്റ്‌ വിപ്ലവത്തിനു നേതൃത്വം നൽകിയ മാർട്ടിൻ ലൂഥറിന്റെ നാട്ടിൽ സഭൈക്യത്തിന്റെ സന്ദേശവുമായി ബനഡിക്ട്‌ പതിനാറാമൻ മാർപാപ്പയെത്തി. എർഫർട്ടിലെ സെന്റ്‌ അഗസ്റ്റിൻ പ്രൊട്ടസ്റ്റന്റ്‌ മോണസ്ട്രിയിൽ നടന്ന എക്യുമെനിക്കൽ പ്രാർഥനാസമ്മേളനത്തിൽ പങ്കെടുത്ത മാർപാപ്പ പിന്നീടു വിവിധ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തീർഥാടനകേന്ദ്രമായ എട്സെൽബാച്ചിൽ നടന്ന ജാഗരണപ്രാർഥനയിലും പങ്കെടുത്തു. അഗസ്റ്റീനിയൻ മോണസ്ട്രിയിൽ നടന്ന എക്യുമെനിക്കൽ പ്രാർഥനച്ചടങ്ങിൽ വിവിധ സഭാവിഭാഗങ്ങളിൽപ്പെട്ട 300 പേർ പങ്കെടുത്തു. സഭകൾ തമ്മിലുള്ള ഐക്യം കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്നും ക്രൈസ്തവവിശ്വാസം പ്രവൃത്തികളിലൂടെ മറ്റുള്ളവർക്ക്‌ അനുഭവവേദ്യമാക്കണമെന്നും മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു. പരസ്പരം സ്നേഹിക്കുക എന്ന യേശുവിന്റെ വചനം കൂടുതൽ അന്വർഥമാക്കണം. ദൈവവിശ്വാസം ഉള്ളിൽനിന്നുള്ളതാകണം. സ്വയംനിർമിത വിശ്വാസം വിലകെട്ടതാണ്‌. ബൗദ്ധികമായി ലഭിക്കുന്നതല്ല ദൈവവിശ്വാസം. നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനമാണ്‌ ദൈവവിശ്വാസം - മാർപാപ്പ ഉദ്ബോധിപ്പിച്ചു. മതനിഷേധ ചിന്താഗതിയും ക്രിസ്ത്യൻ മതതീവ്രവാദവും ഒരുപോലെ സഭൈക്യത്തിനു വെല്ലുവിളി സൃഷ്ടിക്കുന്നതായും മാർപാപ്പ കൂട്ടിച്ചേർത്തു. വിവിധ സഭകൾ തമ്മിലുള്ള ഐക്യത്തിനായി മാർപാപ്പ പ്രാർഥനയും നടത്തി. പ്രാർഥനച്ചടങ്ങിൽ കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ്‌ വിശ്വാസികൾ സംയുക്തമായാണു ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകിയത്‌. മാർപാപ്പയുടെ സന്ദർശനം ജർമനിയിലെ സഭൈക്യത്തിനു ശക്തിപകരുമെന്നാണു സന്ദർശനത്തേക്കുറിച്ചു പ്രൊട്ടസ്റ്റന്റ്‌, ലൂഥറൻ നേതാക്കൾ പ്രതികരിച്ചത്‌. എർഫർട്ടിലെ പ്രൊട്ടസ്റ്റന്റ്‌ കത്തീഡ്രലിലാണു മുസ്ലിം നേതാക്കളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തിയത്‌. ക്രൈസ്തവർക്കും ഇസ്ലാംമതസ്ഥർക്കുമിടയിൽ പരസ്പര ബഹുമാനം ഉണ്ടാകണമെന്നു കൂടിക്കാഴ്ചയിൽ മാർപാപ്പ ആഹ്വാനം ചെയ്തു. പരസ്പര ബഹുമാനത്തിലും സംഭാഷണത്തിലും അധിഷ്ഠിതമായ ഒരു ബന്ധമാണ്‌ ഇരു മതങ്ങൾക്കുമിടയിൽ ഉണ്ടാകേണ്ടത്‌. ഇരു മതവിശ്വാസികളും യോജിച്ചു നീങ്ങിയാൽ കൂടുതൽ മെച്ചപ്പെട്ട ലോകത്തെ വാർത്തെടുക്കാനാവും. യോജിച്ചു പ്രവർത്തിക്കാവുന്ന നിരവധി മേഖലകൾ ഇരു മതസ്ഥർക്കുമുണ്ട്‌. ഇതു യാഥാർഥ്യമായാൽ സമൂഹത്തിന്‌ ഉത്തമ മാതൃകയാകും -മാർപാപ്പ പറഞ്ഞു. വ്യാഴാഴ്ച ബർലിനിൽ യഹൂദ നേതാക്കളുമായി മാർപാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു.