ജസ്റ്റീസ് വി.ആർ.കൃഷ്ണയ്യർ സംസ്ഥാന സർക്കാരിനു സമർപ്പിച്ച വിമൻസ് കോഡ് ബില്ലിലെ കരടു നിർദേശങ്ങൾ മൈനസ് ഗ്രോത്ത് റേറ്റ് കാണിക്കുന്ന കേരളത്തിന് സ്വീകരിക്കാവുന്നതല്ലെന്ന് കെസിബിസി ഓൾ കേരള പ്രോ ലൈഫ് സമിതി അഭിപ്രായപ്പെട്ടു. 1.7 ജനനനിരക്ക് രേഖപ്പെടുത്തിയിരുന്ന കേരളത്തിൽ കഴിഞ്ഞ സെൻസസിലെ കണക്കുകൾ കാണിക്കുന്നത് 1.5-ൽ താഴെയായി കുറഞ്ഞെന്നാണ്. ഇങ്ങനെ പോയാൽ അടുത്ത തലമുറയിൽ കേരളം വൃദ്ധരുടെ സംസ്ഥാനമായി മാറും. യു.എൻ കണക്കനുസരിച്ച് 2.2 ജനനനിരക്ക് ഉണെ്ടങ്കിലേ ജനസംഖ്യ സന്തുലിതമാകൂ. 15 ശതമാനം പുരുഷന്മാർക്കും 12 ശതമാനം സ്ത്രീകൾക്കും വന്ധ്യതയുള്ളതുകൊണ്ട് ഈ കണക്കുപ്രകാരം ജനസംഖ്യ സന്തുലിതമാകണമെങ്കിൽ കുഞ്ഞുങ്ങൾ ജനിക്കുന്ന കുടുംബങ്ങളിൽ നാലു കുഞ്ഞുങ്ങളെങ്കിലും ജനിക്കണം. ഇത്തരം യാഥാർഥ്യങ്ങൾക്കിടയിൽ രണ്ടിലധികം കുഞ്ഞുങ്ങൾ ജനിച്ചാൽ പതിനായിരം രൂപ പിഴയും ജയിൽശിക്ഷയുമെന്ന ബില്ലിലെ നിർദേശങ്ങൾ കേരളത്തെ ഇല്ലാതാക്കും. കൃഷ്ണയ്യരുടെ നിർദേശങ്ങൾക്കു പിന്നിൽ ഭാരത സാക്ഷരതയുടെ മുൻപന്തിയിൽ നിൽക്കുന്ന കേരള സംസ്ഥാനത്തെ ഇല്ലാതാക്കാനുള്ള വിദേശ ശക്തികളുടെ ശ്രമം ഉണേ്ടായെന്ന് അന്വേഷിക്കാൻ സർക്കാർ തയാറാകണമെന്ന് പ്രോ ലൈഫ് സമിതി ആവശ്യപ്പെട്ടു. കുഞ്ഞുങ്ങൾ എത്ര വേണമെന്ന് തീരുമാനിക്കാനുള്ള ദമ്പതികളുടെ അവകാശത്തിൽ കൈകടത്താനുള്ള ബില്ലിലെ നിർദേശങ്ങൾ മനുഷ്യാവകാശ ലംഘനവും വിശ്വാസങ്ങൾക്കും ജീവന്റെ മൂല്യങ്ങൾക്കും നേരേയുള്ള വെല്ലുവിളിയും മനുഷ്യത്വത്തെ യും മാതൃത്വത്തെയും അപമാനിക്കുന്നതും ജീവൻ നൽകുന്നതായ ദൈവത്തിനെതിരായ നിരീശ്വര ചിന്തയിൽനിന്നും ഉടലെടുക്കുന്നതുമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫാമിലി വെൽ ബീയിംഗ് ബിൽ എന്നപേരിൽ ഇതേ നിർദേശങ്ങൾ വി.ആർ.കൃഷ്ണയ്യർ കൊണ്ടുവന്നപ്പോൾ പ്രോ ലൈഫ് പ്രസ്ഥാനവും മനുഷ്യജീവ മഹത്ത്വം ഉയർത്തിപ്പിടിക്കുന്ന മറ്റു സംഘടനകളും പ്രക്ഷോഭത്തിലൂടെ അത് ഇല്ലായ്മ ചെയ്തതാണ്. ഈ അധാർമിക ബില്ലുകൾക്കെതിരേ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോ ലൈഫ് സമിതിയുടെയും ചെയർമാനായ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നേതൃത്വത്തിൽ നിവേദനം നൽകുമെന്നും ഒക്ടോബർ ഒന്നിന് സെക്രട്ടേറിയറ്റിലേക്ക് രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളുടെ പ്രതിഷേധറാലി നടത്തുമെന്നും പ്രോ ലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് റവ.ഡോ.ജോസ് കോട്ടയിൽ, ജനറൽ സെക്രട്ടറി ജോർജ്ജ് എഫ്.സേവ്യർ, പിആർഒ സാബു ജോസ്, വൈസ് പ്രസിഡന്റ് ജേക്കബ് പള്ളിവാതുക്കൽ, സെക്രട്ടറിമാരായ യുഗേഷ് തോമസ് പുളിക്കൻ, ജോളി ജോസഫ്, സെലസ്റ്റിൻ ജോൺ, സജു ഇടനാട്ടുകിഴക്കതിൽ, ട്രഷറർ അഡ്വ.ജോസി സേവ്യർ, വിജിലൻസ് സെൽ കോ-ഓർഡിനേറ്റർ അഡ്വ.തോമസ് തണ്ണിപ്പാറ, ആനിമേറ്റർ ഏബ്രഹാം പുത്തൻകുളം എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.