Monday, September 5, 2011

കാഞ്ഞിരപ്പള്ളി രൂപത സീറോ മലബാർ സഭയ്ക്ക്‌ അഭിമാനം: മാർ ജോർജ്ജ്‌ ആലഞ്ചേരി

നിലയ്ക്കലിൽ ആരംഭിച്ച്‌ പൗരാണിക പാരമ്പര്യത്തിലുറച്ച തീർഥാടനം തുടരുന്ന കാഞ്ഞിരപ്പള്ളി രൂപത സീറോ മലബാർ സഭയ്ക്ക്‌ അഭിമാനമാണെന്ന്‌ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി. രൂപതയിലെ അജപാലന സന്ദർശനത്തിന്റെ ഭാഗമായി നടന്ന വിശൂദ്ധ കുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച്ബിഷപ്‌. സഭയുടെ വളർച്ചയും വിശ്വാസി കളുടെ ആത്മീയ ഉന്നമനവുമാണ്‌ വിശ്വാസജീവിതത്തിന്റെ കാതൽ. സഭാസ്നേഹികളായ വിശ്വാസികൾ ഒന്നുചേരുന്നതാണ്‌ സഭ. എല്ലാ ജനവിഭാഗങ്ങളുടെയും ആധ്യാത്മികമായ അഭിവൃദ്ധിയും സഭയുടെ സമഗ്ര വളർച്ചയുമാണ്‌ തന്റെ അജപാലന ലക്ഷ്യമെന്നും മാർ ആലഞ്ചേരി വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി രൂപതയുടെ വളർച്ചയെ സീറോ മലബാർ സഭ അഭിമാനത്തോടെയാണ്‌ നോക്കികാണുക. ദീർഘവീഷണത്തോടെയുള്ള മാർ ജോസഫ്‌ പവ്വത്തിലിന്റെ നീക്കങ്ങളും അതിനുപൂരകമായി മാർ മാത്യു വട്ടക്കുഴിയുടെ കർമപരിപാടികളും രൂപതയുടെ വളർച്ചയ്ക്ക്‌ കാര്യമായ പങ്കുവഹിച്ചുട്ടുണ്ട്‌. ഇപ്പോഴത്തെ രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്റെ കർമോത്സുകത എല്ലാവർക്കും മാതൃകയാവണമെന്നും മാർ ജോർജ്ജ്‌ ആലഞ്ചേരി അഭിപ്രായപ്പെട്ടു. ആരാധനക്രമ പാരമ്പര്യത്തിലൂന്നി ദൈവത്തോടും മനുഷ്യനോടും വിശ്വസ്തത പാലിച്ച്‌, ദൈവത്തെ മഹത്വപ്പെടുത്തി, വിശ്വസ്തതയുടെ മക്കളായി ജീവിക്കുവാൻ മേജർ ആർച്ച്ബിഷപ്‌ രൂപതയിലെ വിശ്വാസികളോട്‌ ആഹ്വാനം ചെയ്തു.