Tuesday, September 6, 2011

അശരണരുടെ പിതാവിനു വിട സാമൂഹിക നീതിക്കായി പ്രക്ഷോഭം നയിച്ച ബിഷപ്‌

പാവങ്ങളുടെ പിതാവ്‌ എന്നറിയപ്പെട്ടിരുന്ന ബിഷപ്‌ ഡോ. പീറ്റർ തുരുത്തിക്കോണം വിജയപുരം രൂപതയുടെ വിജയ സാരഥിയായിരുന്നു. 45,000 മലയാളികളും അത്രത്തോളം തമിഴരും ഉൾപ്പെടുന്ന വിജയപുരം രൂപതയുടെ എല്ലാ പുരോഗതിയിലും അദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമത്തിന്റെ കൈമുദ്ര പതിഞ്ഞിട്ടുണ്ട്‌. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളും വിവിധ സംസ്കാരങ്ങളിലുമുള്ള ജനവിഭാഗങ്ങൾ ഉൾപ്പെടുന്ന രൂപതയെ ഒരുമയോടെ നയിക്കാൻ കഴിഞ്ഞതു പിതാവിന്റെ ദീർഘ വീക്ഷണത്തിന്റെ വലിയ തെളിവാണ്‌. പാവങ്ങളിൽ ദൈവത്തെ ശുശ്രൂഷിക്കുക എന്ന വചനം ജീവിതവ്രതമായി പ്രഖ്യാപിച്ച അദ്ദേഹം, സമ്പന്നരുടെ സുഖം അറിയുന്നതിനേക്കാൾ പാവങ്ങളുടെ ദുരിതം കാണാനും അവർക്ക്‌ ആശ്വാസം എത്തിക്കാനുമായിരുന്നു കൂടുതലും ആഗ്രഹിച്ചത്‌. വിസ്തൃതമായ രൂപതയിലെ പാവപ്പെട്ട ജനത്തിന്റെ ആവശ്യങ്ങളും ദുരിതങ്ങളും നേരിൽ കണ്ട്‌ അവയ്ക്കു പരിഹാരം കാണുവാൻ ബിഷപ്‌ എപ്പോഴും ശ്രമിച്ചിരുന്നു. ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും സർക്കാരിന്റെയും അധികാരികളുടെയും അടുക്കലെത്തിക്കാനും അവയ്ക്കു പരിഹാരം കാണാനും എപ്പോഴും ശ്രദ്ധിച്ചിരുന്നു. ദളിത്‌ ക്രൈസ്തവരുടെ പുരോഗതിയും നന്മയും സ്വ്പനമായിരുന്ന ഡോ. തുരുത്തിക്കോണം അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ എപ്പോഴും മുൻപന്തിയിലുണ്ടായിരുന്നു. അവകാശങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി പാർലമെന്റിനു മുമ്പിൽ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കാനും അറസ്റ്റു വരിക്കാനും വരെ അദ്ദേഹം തയാറായി. സാമൂഹിക നീതിക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിനിടയിൽ അറസ്റ്റു വരിച്ച്‌ ഒരു ദിവസം പോലീസ്‌ സ്റ്റേഷനിലും അദ്ദേഹത്തിനു കഴിയേണ്ടിവന്നു. ജീവിത ഉന്നമനത്തിന്‌ വിദ്യാഭ്യാസം മാത്രമേ പോംവഴിയുള്ളൂ എന്നു തിരിച്ചറിഞ്ഞ പിതാവ്‌ അക്ഷരം അറിയാത്ത ജനങ്ങൾക്കു സാക്ഷരത നൽകാൻ രൂപതയുടെ വിവിധ സ്ഥലങ്ങളിൽ നിരവധി സ്കൂളുകൾ സ്ഥാപിച്ചു. ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി നിലവിലുള്ള സ്കൂളുകൾ ഇംഗ്ലീഷ്‌ മീഡിയമാക്കാനും പുതിയ സ്കൂളുകൾ ആരംഭിക്കാനും പിതാവിന്റെ ശ്രമഫലമായി കഴിഞ്ഞു. സിബിസിഐ എസ്ടി- എസ്സി കമ്മീഷൻ വഴി കോട്ടയത്ത്‌ സിവിൽ സർവീസ്‌ അക്കാദമി സ്ഥാപിച്ചതും രൂപതാമക്കളുടെ വിദ്യാഭ്യാസ പുരോഗതി ക്കു പിതാവ്‌ നൽകിയ മികച്ച സംഭവനകളിലൊന്നാണ്‌. രൂപതാമക്കളുടെ അഭിവൃദ്ധിക്കായി ധാരാളം സ്വയം തൊഴിൽ പദ്ധതികളും കേന്ദ്രങ്ങളും ആരംഭിക്കാനും പിതാവിനു സാധിച്ചു. രൂപതയിലെ തന്റെ ഇടയരുടെ അധ്യാത്മിക പുരോഗതിക്ക്‌ സന്യസ്തരുടെ പങ്ക്‌ വളരെ വലുതാണെന്നു മനസിലാക്കിയ പിതാവ്‌ വിമലഹൃദയ പുത്രിമാർ എന്ന സന്യാസസമൂഹത്തിനും രൂപം നൽകി. രൂപതയുടെ സമഗ്രവളർച്ചയ്ക്ക്‌ നേതൃത്വം നൽകുന്ന സോഷ്യൽ സർവീസ്‌ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ ഏറെ താത്പര്യം പുലർത്തിയിരുന്നു. രൂപതയുടെ വിവിധ സംഘടനകളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പാസ്റ്ററൽ സെന്ററിൽ ഓഫീസുകൾ നൽകുകയും സംഘടനകൾക്ക്‌ ഡയറക്ടർമാരെ നിയമിക്കുകയും ചെയ്തു. രൂപതയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള പാസ്റ്ററൽ കൗൺസിൽ രൂപീകരിക്കപ്പെട്ടതും പിതാവിന്റെ കാലത്താണ്‌. രൂപതയുടെ വളരെക്കാലമായുള്ള ആഗ്രഹമായിരുന്ന സ്വന്തമായൊരു ആശുപത്രിയും നഴ്സിംഗ്‌ കോളജും മുക്കൂട്ടുതറയിൽ സ്ഥാപിക്കാനായത്‌ പിതാവിന്റെ കാലത്താണ്‌. രൂപതയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി കോട്ടയം ടൗണിൽ ഉൾപ്പെടെ നിരവധി ഷോപ്പിംഗ്‌ കോംപ്ലക്സുകളും പിതാവ്‌ മുൻകൈയെടുത്ത്‌ നിർമിച്ചു. ഇടവകകൾ സ്വയംപര്യാപ്തത പ്രാപിക്കാനായി കൃഷിയിൽ ഉൾപ്പെടെ പല നവീന പദ്ധതികളും ആവിഷ്കരിക്കണമെന്നു പിതാവ്‌ വൈദികർക്കു നിർദേശം നൽകിയിരുന്നു. അനാഥരും ആലംബഹീനഹരുമായ വൃദ്ധജനങ്ങൾക്ക്‌ ആശ്രയമായി കോട്ടയത്തിനടുത്ത്‌ കുറിച്ചിയിൽ വൃദ്ധമന്ദിരം പണികഴിപ്പിക്കാനും പിതാവിനു സാധിച്ചു. ക്രിസ്തു ദാരിദ്ര്യത്തിന്റെ മഹിമയെ ഉയർത്തിക്കാട്ടി. ജനിക്കാനും മരിക്കാനും അവിടുത്തേക്ക്‌ ഇടംകിട്ടിയില്ല. ദാരിദ്ര്യം തന്റെ മണവാട്ടിയാണെന്നു പറഞ്ഞ വിശുദ്ധ ഫ്രാൻസീസ്‌ അസീസിയെപ്പോലെ ദാരിദ്ര്യത്തിന്റെ അരൂപിയിൽ സമ്പന്നമാകണമെന്ന്‌ എപ്പോഴും തന്റെ ഇടയരോട്‌ പിതാവ്‌ ഉദ്ബോധിപ്പിച്ചിരുന്നു.