ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ. 1962 ഒക്ടോബർ മൂന്നിനു പൂന സെമിനാരിയിലാണു മാർ ജോസഫ് പവ്വത്തിൽ വൈദിക പട്ടം സ്വീകരിച്ചത്. 1963ൽ എസ്ബി കോളജിൽ അധ്യാപകനായി സേവനം തുടങ്ങി. 1972 ജനുവരി ഏഴിന് സഹായമെത്രാനായി നിയമിതനായി. 1972 ഫെബ്രുവരി 13നു റോമിൽ പോൾ ആറാമൻ മാർപാപ്പയിൽ നിന്നു മെത്രാഭിഷേകം സ്വീകരിച്ചു. 1973ൽ സിബിസിഐ യൂത്ത് കമ്മീഷൻ ചെയർമാനായി നിയമിതനായി. 1977 ഫെബ്രുവരി 26നു കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി. മേയ് 12നു സ്ഥാനാരോഹണം ചെയ്തു. 1985 നവംബർ 16നു ചങ്ങനാശേരി ആർച്ച്ബിഷപായി നിയമനം ലഭിച്ചു. 1986 ജനുവരി 17ന് അതിരൂപതാധ്യക്ഷനായി. 1993ൽ കെസിബിസി ചെയർമാൻ, 1994ൽ സിബിസിഐ പ്രസിഡന്റ്, 1998ൽ പോസ്റ്റ് ഏഷ്യൻ സിനഡൽ കൗൺസിലംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2007 മാർച്ച് 19നു വിരമിച്ച മാർ പവ്വത്തിൽ ഇപ്പോൾ ഇന്റർ ചർച്ച് കൗൺസിൽ ചെയർമാനാണ്. മാർ ജോസഫ് പവ്വത്തിലിന്റെ പൗരോഹിത്യ സുവർണ ജൂബിലി, മെത്രാഭിഷേക റൂബിജൂബിലി ആഘോഷങ്ങൾക്കു മൂന്നിനു തുടക്കമാകും. അന്നു രാവിലെ 6.15ന് ആർച്ച്ബിഷപ്സ് ഹൗസിലെ ചാപ്പലിൽ മാർ ജോസഫ് പവ്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് മാർ ജോർജ്ജ് കോച്ചേരി, വികാരി ജനറാൾമാരായ മോൺ.ജോസഫ് കുറിഞ്ഞിപ്പറമ്പിൽ, മോൺ. ജോസഫ് നടുവിലേഴം, മോൺ. മാത്യു വെള്ളാനിക്കൽ വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ വിശുദ്ധ കുർബാനയിലും തുടർന്ന് നടക്കുന്ന ആശംസാ സമ്മേളനത്തിലും പങ്കെടുക്കും.