വനിതാ കോഡ് ബില്ലിന്റെ കരടുനിർദേശങ്ങൾക്കു സ്വേഛാധിപത്യത്തിന്റെ ശൈലിയാണെന്നു കെസിബിസി വിജിലൻസ് ആൻഡ് ഹാർമണി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ തോമസ് ചക്യത്ത് അഭിപ്രായപ്പെട്ടു. കെസിബിസി ഡയലോഗ് ആൻഡ് എക്യുമെനിസം, വിജിലൻസ് ആൻഡ് ഹാർമണി കമ്മീഷനുകളുടെയും പ്രൊലൈഫ് സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മനുഷ്യജീവന്റെ സംരക്ഷണം മതങ്ങളുടെ കാഴ്ചപ്പാടിൽ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവിക-ധാർമിക മൂല്യങ്ങളെ ഹനിക്കുന്ന തരത്തിലുള്ള നിയമനിർമാണം നടക്കുന്നതു വേദനാജനകമാണ്. തെറ്റായ നിയമങ്ങളിലൂടെ നിരവധി പേരെ കൊന്നൊടുക്കിയ ജർമനിയിലെ ഹിറ്റ്ലറുടെ നയങ്ങളെയാണു കൃഷ്ണയ്യർ കമ്മീഷന്റെ നിർദേശങ്ങൾ ഓർമിപ്പിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും നിഷേധിക്കുന്നതാണു ഈ നിർദേശങ്ങൾ. മൂന്നാമത്തെ കുട്ടിക്കു സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കണമെന്നതു ധാർമികതയ്ക്കു നിരക്കുന്നതല്ല. സാമൂഹ്യക്ഷേമത്തിലും സാംസ്കാരിക പുരോഗതിയിലും മതങ്ങളുടെ പങ്ക് വളരെ വലുതാണ്. പൊതുസമൂഹത്തിന്റെ ധാർമികതയെ ചോദ്യം ചെയ്യുന്ന വനിതാ കോഡ് ബില്ലിന്റെ കരടുനിർദേശങ്ങൾക്കെതിരേ എല്ലാ മതങ്ങളും ഒന്നിക്കണം- മാർ ചക്യത്ത് അഭിപ്രായപ്പെട്ടു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫൻ ആലത്തറ അധ്യക്ഷത വഹിച്ചു. വനിതാ കോഡ് ബില്ലിന്റെ കരടു റിപ്പോർട്ട് തയാറാക്കിയ കമ്മീഷനിലെ അംഗങ്ങൾ തമ്മിൽ അഭിപ്രായ ഐക്യമുണ്ടായിരുന്നില്ലെന്നു വ്യക്തമായ സാഹചര്യത്തിൽ ആരാണ് ഇത്തരം വിവാദനിർദേശങ്ങൾ തയാറാക്കിയതെന്നു വെളിപ്പെടുത്താൻ അധികൃതർക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി പുരന്ദരാനന്ദ, ഷിഫാർ അൽ കൗസാരി, ഫാ.ജോസ് കോട്ടയിൽ, ജോൺ പോൾ, അമ്മിണി മാത്യു, സുഖ്‌വീന്ദർ സിംഗ്, പ്രവീൺ ഷാ എന്നിവർ വിഷയാവതരണം നടത്തി. പ്രഫ. മോനമ്മ കോക്കാട് പ്രമേയം അവതരിപ്പിച്ചു. കമ്മീഷൻ സെക്രട്ടറിമാരായ ഫാ.റോബി കണ്ണൻചിറ, ഫാ. ജോസി പൊന്നമ്പേൽ, പ്രൊലൈഫ് സമിതി പിആർഒ സാബു ജോസ് എന്നിവർ പ്രസംഗിച്ചു.