Monday, October 10, 2011

അധ്യാപക പാക്കേജ്‌: ഭരണഘടനാവിരുദ്ധമായ ഭാഗങ്ങൾ അംഗീകരിക്കാനാവില്ല- മാർ ജോസഫ്‌ പവ്വത്തിൽ

അധ്യാപക പാക്കേജ്‌ സംബന്ധിച്ചു സർക്കാർ ഇറക്കിയിരിക്കുന്ന ഉത്തരവിൽ ഇന്ത്യൻ ഭരണഘടനയ്ക്കു വിരുദ്ധമായുള്ള ഭാഗങ്ങൾ അംഗീകരിക്കാനാവില്ലെന്ന്‌ ഇന്റർചർച്ച്‌ കൗൺസിൽ ഫോർ എഡ്യൂക്കേഷൻ ചെയർമാൻ ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ. സംരക്ഷിത അധ്യാപകരെ സൃഷ്ടിക്കാത്ത ക്രൈസ്തവ മാനേജ്മെന്റുകൾ പ്രശ്നപരിഹാരത്തിനായി ഔദാര്യപൂർവം സർക്കാരുമായി സഹകരിക്കാൻ തയാറായപ്പോൾ അതിന്റെ മറവിൽ സ്പെഷലിസ്റ്റ്‌ അധ്യാപകരുടെ നിയമനവും മറ്റും ഏറ്റെടുക്കാൻ നിയമങ്ങൾ ഉണ്ടാക്കിയത്‌ അംഗീകരിക്കാൻ കഴിയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ഏജൻസി എന്ന നിലയിൽ സംരക്ഷിത അധ്യാപരെ സ്വീകരിക്കുന്നതിൽനിന്നു സർക്കാർ വിദ്യാലയങ്ങൾ വിട്ടുനിൽക്കുന്നത്‌ അനീതിയാണ്‌. അതുപോലെതന്നെ ഹെഡ്മാസ്റ്റർ തസ്തിക വരുമ്പോൾ അവിടെയും ടീച്ചേഴ്സ്‌ ബാങ്കിൽ നിന്ന്‌ അധ്യാപകരെ നിയമിക്കണമെന്നുളള നിബന്ധനയും അധ്യാപക നിയമന അവകാശത്തിൻമേലുളള കടന്നുകയറ്റമാണ്‌. നിയമാനുസരണം 2006 മുതൽ നടത്തിയ അധ്യാപക നിയമനങ്ങൾ അംഗീകരിച്ചു ശമ്പളം നൽകാനും സർക്കാർ തയാറായിട്ടില്ല. ഓരോ പ്രാദേശിക മാനേജ്മെന്റും വിദ്യാലയങ്ങളുടെ നടത്തിപ്പിനുവേണ്ടി ഓരോ വർഷവും ലക്ഷക്കണക്കിനു രൂപ മുടക്കേണ്ടിവരുന്നുണ്ട്‌. എയ്ഡഡ്‌ വിദ്യാലയങ്ങൾ ഉളളതുകൊണ്ടാണു ഗുണമേന്മയുളള വിദ്യാഭ്യാസം സൗജന്യമായി എല്ലാവർക്കും നൽകാൻ സർക്കാരിനു കഴിയുന്നത്‌. പൊതുവിദ്യാഭ്യാസത്തിനു വേണ്ടി സർക്കാർ ഖജനാവിൽനിന്ന്‌ ഒരു വിദ്യാർഥിക്കുവേണ്ടി ചെലവഴിക്കുന്ന തുക ഏറ്റവും കുറവുളള സംസ്ഥാനംകൂടിയാണു കേരളം എന്ന കാര്യവും വിസ്മരിക്കരുത്‌. അങ്ങനെയായിരിക്കാൻ കാരണം എയ്ഡഡ്‌ സ്കൂളുകളിൽ അധ്യാ പകർക്കു ശമ്പളം നൽകുന്നതൊഴികെ സർക്കാരിനുചെലവൊന്നു വഹിക്കേണ്ടിവരുന്നില്ല എന്നതാണ്‌. ഇക്കാര്യങ്ങൾ മറന്നുകൊണ്ടുളള പ്രചാരണങ്ങൾ ഖേദകരമാണെന്നു മാർ പവ്വത്തിൽ പ്രസ്താവനയിൽ പറഞ്ഞു.