Friday, October 14, 2011

നവ സുവിശേഷവത്കരണം വിശുദ്ധ ഡോൺബോസ്കോ നൽകുന്ന സന്ദേശം: ആർച്ച്‌ ബിഷപ്‌ സൂസാപാക്യം

നവ സുവിശേഷവത്കരണമാണ്‌ വിശുദ്ധ ജോൺബോസ്കോ നൽകുന്ന സന്ദേശം എന്ന്‌ തിരുവനന്തപുരം അതിരൂപതാ ആർച്ച്‌ ബിഷപ്‌ ഡോ.എം സൂസപാക്യം. വിശുദ്ധ ഡോൺബോസ്കോയുടെ തിരുശേഷിപ്പ്‌ കിള്ളിപ്പാലം സെന്റ്‌ ജൂഡ്‌ തീർത്ഥാടന കേന്ദ്രത്തിൽ വണക്കത്തിനു വച്ചശേഷം നടന്ന വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സാധാരണ വിശുദ്ധരുടെ തിരുശേഷിപ്പ്‌ വണങ്ങാൻ നാം അവരെ അന്വേഷിച്ചാണ്‌ പോകുന്നതെങ്കിൽ ഇവിടെ വിശുദ്ധ ഡോൺബോസ്കോ നമ്മെ അന്വേഷിച്ച്‌ ഇങ്ങോട്ട്‌ വന്നിരിക്കുകയാണ്‌. തിരുശേഷിപ്പ്‌ വണങ്ങുന്നതുവഴി നിരവധിയായ അനുഗ്രഹങ്ങളാണ്‌ ഒഴുകുന്നത്‌. വിശുദ്ധൻ നിരവധി സന്ദേശങ്ങളും ഒപ്പം നമുക്ക്‌ നൽകുന്നു. വിശുദ്ധൻ നൽകുന്ന ഈ സന്ദേശങ്ങളും ഉൾക്കൊണ്ട്‌ ഓരോരുത്തരും പ്രവർത്തിക്കണം എന്നും അദ്ദേഹം പറഞ്ഞു. സുവിശേഷ വത്കരണവും ജീവിത വിശുദ്ധീകരണവുമാണ്‌ വിശുദ്ധൻ നമ്മെ സന്ദർശിക്കുമ്പോൾ സംഭവിക്കുന്നത്‌. അതിനായി വിശുദ്ധന്റെ തിരുശേഷിപ്പ്‌ നമ്മെ സന്ദർശിക്കുന്ന ഈ അവസരം നാം ഉപയോഗിക്കണം.ക്രിസ്തു ശിരസായിരിക്കുന്ന സഭയുടെ അവയവങ്ങളായ നാം നമ്മുടെ ശരീരത്തെ വിശുദ്ധമായി സൂക്ഷിക്കണം എന്ന്‌ തിരുശേഷിപ്പ്‌ നമ്മോടു പറയുന്നു. എല്ലാവരേയും തന്റെ ശാന്തത, കാരുണ്യം,സ്നേഹം എന്നിവകൊണ്ട്‌ തന്നിലേക്ക്‌ ആകർഷിക്കാൻ യേശുവിനു കഴിഞ്ഞു. ക്രിസ്തുവിന്റെ ഈ ഗുണങ്ങൾ ജീവിതത്തിൽ പകർത്താൻ ഡോൺബോസ്കോയ്ക്കും കഴിഞ്ഞു. ഈ ജീവിത മാതൃക ഉൾക്കൊണ്ട്‌ ജീവിതത്തിൽ മാനസാന്തരം കൊണ്ടുവരാനും അതിന്‌ ഉപകരണമാകാനും ഓരോരുത്തർക്കും കഴിയണമെന്നും ബിഷപ്‌ പറഞ്ഞു.മോൺ.യൂജിൻ പെരേര,തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ.പോൾ സണ്ണി,ഫാ. തോമസ്‌ മേക്കാടൻ, ഫാ.ഭാസ്കർ ജോസഫ്‌, തുടങ്ങിയവർ സഹകാർമികരായിരുന്നു