Saturday, October 15, 2011

വിശ്വാസപാരമ്പര്യത്തിൽ ക്രിസ്തുസാക്ഷികളാകണം: മാർ ജോർജ്ജ്‌ ആലഞ്ചേരി

സീറോ മലബാർ സഭാവിശ്വാസികൾ തങ്ങളുടെ വിശ്വാസപാരമ്പര്യത്തിൽ ലോകത്തിലെവിടെയും ക്രിസ്തുവിന്റെ സാക്ഷികളാകണമെന്നു മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി റോമിലെ സീറോ മലബാർ കത്തോലിക്കരോട്‌ ആഹ്വാനം ചെയ്തു. ഇറ്റലിയിൽ താമസിക്കുന്ന ഇരുനൂറ്റമ്പതോളം സീറോ മലബാർ കത്തോലിക്കരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വത്തിക്കാൻ സന്ദർശിക്കുന്ന മേജർ ആർച്ച്ബിഷപ്‌ റോമിലെ സെന്റ്‌ പോൾ കോളജിൽ സഭയുടെ സ്ഥിരം സിനഡിലെ അംഗങ്ങൾക്കൊപ്പമാണു വിശ്വാസിസമൂഹവുമായി ആശയവിനിമയം നടത്തിയത്‌. റോമിലെ സഭാംഗങ്ങളുടെ വിവിധ ആത്മീയാവശ്യങ്ങളെക്കുറിച്ചു മേജർ ആർച്ച്‌ ബിഷപ്‌ വിശ്വാസികളുമായി സംസാരിച്ചു. മേജർ ആർച്ച്‌ ബിഷപ്പിനു വത്തിക്കാനിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിൽ കർദിനാൾ ലെയോണാർദോ സാന്ദ്രിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മേജർ ആർച്ച്ബിഷപ്പും സ്ഥിരം സിനഡിലെ അംഗങ്ങളും വത്തിക്കാനിലെ നവസുവിശേഷവത്കരണത്തിനുള്ള കാര്യാലയത്തിൽ ആർച്ച്ബിഷപ്‌ സാൽവത്തോറെ ഫിസിച്ചെല്ലയുമായും കൂടിക്കാഴ്ച നടത്തി. ആർച്ച്ബിഷപ്പുമാരായ മാർ ജോർജ്ജ്‌ വലിയമറ്റം, മാർ ആൻഡ്രൂസ്‌ താഴത്ത്‌, മാർ ജോസഫ്‌ പെരുന്തോട്ടം, മാർ മാത്യു മൂലക്കാട്ട്‌, എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ തോമസ്‌ ചക്യത്ത്‌, കൂരിയ മെത്രാൻ മാർ ബോസ്കോ പുത്തൂർ എന്നിവരും മേജർ ആർച്ച്ബിഷപ്പിനൊപ്പമുണ്ടായിരുന്നു