Monday, October 17, 2011

മോൺ. ക്ലീറ്റസ്‌ ഈശ്വരാനുഭവത്തെ ദേവാലയ നിർമിതിയിലൂടെ സാധ്യമാക്കി: ഡോ. ഫ്രാൻസിസ്‌ കല്ലാര്റക്കൽ

ദേവാലങ്ങൾ ദൈവാരൂപി നിറഞ്ഞ വിധത്തിലായിരിക്കണം നിർമിക്കേണ്ടതെന്ന്‌ വരാപ്പുഴ ആർച്ച്‌ ബിഷപ്‌ ഡോ. ഫ്രാൻസിസ്‌ കല്ലാര്റക്കൽ പറഞ്ഞു. അത്തരം ദേവാലയങ്ങൾ നിർമിക്കാൻ കഴിവുള്ളവർ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം നിറഞ്ഞവരാണെന്നും ദേവാലയ രൂപകൽപനകളെക്കുറിച്ചു വിശദമാക്കുന്ന മോൺ.ക്ലീറ്റസ്‌ പറമ്പലോത്തിന്റെ നിർമിതി ദർശനം എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. ദേവാലയത്തിന്‌ അകത്തു പ്രവേശിച്ചാൽ പ്രാർഥിക്കാൻ തോന്നുന്ന വിധത്തിലുള്ളതായിരിക്കണം അതിന്റെ നിർമിതികൾ. ദേവാലയത്തിൽ നിൽക്കുമ്പോൾ നമ്മൾ ദൈത്തിന്റെ മുമ്പിലാണെന്ന തോന്നലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ വീടുകൾ നിർമിക്കുന്നതിനേക്കാൾ വൈദഗ്ധ്യം അതു കൊണ്ടു തന്നെ ദേവാലയ നിർമിതിക്ക്‌ ആവശ്യമാണ്‌. എന്നാൽ ഇത്തരം ഗുണങ്ങൾ കുറവായ ദേവായങ്ങളും ഇക്കാലത്ത്‌ ധാരാളം നിർമിക്കുന്നുണ്ട്‌. ലാളിത്യം കൊണ്ടും മനോഹാരിത കൊണ്ടും വ്യത്യസ്തമാണ്‌ ക്ലീറ്റസച്ചന്റെ ദേവാലയങ്ങളും അൾത്താരകളും. ഒരു വൈദികൻ എന്ന നിലയിൽ തന്റെ ഈശ്വരാനുഭവത്തെ ദേവാലയ നിർമിതിയിലൂടെ സാധ്യമാക്കുകയാണ്‌ അദ്ദേഹം ചെയ്തത്‌. നൂറിലേറെ ദേവാലയങ്ങളുടെ ശിൽപിയായിട്ടും ഇക്കാര്യം പരസ്യപ്പെടുത്താതെ സ്വയം ഒതുങ്ങിയ അദ്ദേഹത്തിന്റെ വിനയവും മാതൃകയാക്കേണ്ടതാണെന്ന്‌ ബിഷപ്‌ പറഞ്ഞു.ഏതു കലയേയും സ്വാധീനിക്കുന്നത്‌ മതവും ആത്മീയയുമാണെന്ന്‌ പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട്‌ പിഎസ്സി ചെയർമാൻ ഡോ.കെ.എസ്‌ രാധാകൃഷ്ണൻ പറഞ്ഞു. അത്തരം കലകളാണ്‌ കാലത്തെ അതിജീവിക്കുന്നത്‌. മനുഷ്യാലയം നിർമിക്കുന്നതും ദേവാലയം നിർമിക്കുന്നതും വ്യത്യസ്തമാണ.്‌ ഭംഗി വരുത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ പല ദേവാലയങ്ങളും വലിയ കെട്ടിടങ്ങൾ മാത്രമായി മാറി കൊണ്ടിരിക്കുകയാണ്‌. അവ കണ്ണിനെ വേദനിപ്പിക്കുന്ന മാതൃകയായി പലപ്പോഴും മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.