പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തു പ്രകൃതിക്കിണങ്ങിയ ജീവിതശൈലി സമൂഹത്തിന് അനിവാര്യമാണെന്നു കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ. മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ കാരിത്താസ് ഇന്ത്യ സുവർണ ജൂബിലി ആഘോഷത്തിന്റെയും കർഷക സംഗമത്തിന്റെയും ഉദ്ഘാടനം പയ്യാവൂർ സെന്റ് ആൻസ് പാരിഷ്ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കർഷക സംസ്കാരം എന്നാൽ ജൈവസംസ്കാരമാണെന്നും അമിത ലാഭത്തേക്കാളുപരി ജൈവസമ്പത്തിനു പ്രാധാന്യം നൽകണമെന്നും മാർ പണ്ടാരശേരിൽ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സി.പി.ജോസ് അധ്യക്ഷതവഹിച്ചു. കാരിത്താസ് ഇന്ത്യാ പ്രകൃതി സംരക്ഷണവിഭാഗം മേധാവി ഡോ. വി.ആർ. ഹരിദാസ് ആമുഖപ്രഭാഷണം നടത്തി. കാരിത്താസ് ഇന്ത്യയും മാസും സംയുക്തമായി നടപ്പാക്കുന്ന ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കാർട്ടൂണിന്റെ പ്രകാശനം ഫാ. റെജി കൊച്ചുപറമ്പിൽ നിർവഹിച്ചു. കോട്ടയം അതിരൂപതാ ശതാബ്ദിയോടനുബന്ധിച്ച് മാസ് നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ക്ലെയിം വിതരണം മടമ്പം ഫൊറോനവികാരി ഫാ. ഫിലിപ്പ് ആനിമൂട്ടിൽ നിർവഹിച്ചു. കേരള സോഷ്യൽസർവീസ് ഫോറം പ്രൊജക്ട് മാനേജർ ഇ.ജെ. ജോസ്, മേഴ്സി ആശുപത്രി ഡയറക്ടർ ഫാ. ജോർജ്ജ് കപ്പുകാലായിൽ, പയ്യാവൂർ കൃഷി ഓഫീസർ ജോർജുകുട്ടി മാത്യു എന്നിവർ പ്രസംഗിച്ചു. ഫാ. ജോർജ്ജ് ഊന്നുകല്ലിൽ സ്വാഗതവും മാസ് പ്രോഗ്രാം മാനേജർ യു.പി. ഏബ്രഹാം നന്ദിയും പറഞ്ഞു. സോണിയ തോമസ്, റെജി തോമസ്, ആനിമേറ്റേഴ്സ് എന്നിവർ പരിപാടിക്കു നേതൃത്വം നൽകി. കണ്ണൂർ മേഖലയിൽ നിന്നുള്ള 250 ൽപരം അംഗങ്ങൾ പങ്കെടുത്തു.