Thursday, October 9, 2008
ക്ലസ്റ്റര്‍ കോളേജ് : സംശയങ്ങളേറെ, ചര്‍ച്ചകള്‍ അനിവാര്യം.
ഉന്നത വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായ ക്ലസ്റ്റര്‍ കോളേജുകളുടെ രൂപീകരണം വളരെയധികം സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതാണെന്നും സമഗ്രമായ ചര്‍ച്ചകള്‍ അനിവാര്യമാണെന്നും ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ അഭിപ്രായപ്പെട്ടു. അഞ്ച് മുതല്‍ പത്ത് വരെ കോളേജുകളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്നതാണ് ക്ലസ്റ്റര്‍ കോളേജുകള്‍. ലഭ്യമായ അറിവനുസരിച്ച് ഈ കോളേജുകളുടെ നിയന്ത്രണം ഏല്‍പ്പിക്കുന്നത് ഗവണ്‍മെന്റ് കോളേജുകളെയാണ്. അംഗങ്ങള്‍ ധാരണാപത്രത്തില്‍ ഒപ്പിടണമെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ അംഗങ്ങളാകുന്ന കോളേജുകള്‍ക്ക് സ്വമേധയാ ക്ലസ്റ്റര്‍ കോളേജില്‍ മെംബര്‍ ആകുവാനും ആവശ്യം വന്നാല്‍ പുറത്തു പോകുവാനും സ്വാതന്ത്ര്യം ഉണ്ടോ എന്ന് വ്യക്തമല്ല. ക്ലസ്റ്റര്‍ കോളേജുകളുടെ രൂപീകരണം കോളേജുകളുടെ തനതായ വ്യക്തിത്വത്തെ സാരമായ രീതിയില്‍ ബാധിക്കും. ഓരോ കോളേജുകളും വളര്‍ന്നു വന്ന ചരിത്ര പശ്ചാത്തലമാണ് ആ കോളേജുകളെ മുമ്പോട്ട് കൊണ്ടു പോകേണ്ടത്. വ്യക്തിഗത കോളേജിന്റെ വളര്‍ച്ചയെ ഇല്ലാതാക്കികൊണ്ടല്ല ക്ലസ്റ്റര്‍ കോളേജുകള്‍ രൂപീകരിക്കേണ്ടത്. ലാബോറട്ടറി, ലൈബ്രറി, ഓഡിറ്റോറിയം, ഗ്രൗണ്ട് എന്നിവ ഓരോ കോളേജിന്റെയും സ്വന്തമായ സ്വത്താണ്. അത് പൊതുസ്വത്താക്കി മാറ്റുമ്പോള്‍ കോളേജുകളുടെ അച്ചടക്കത്തെ ബാധിക്കും. അധ്യാപകരെ കൈമാറണമെന്ന് നിഷ്കര്‍ഷിക്കുമ്പോള്‍ രാഷ്ട്രീയ പശ്ചാത്തലമുള്ളവരും, ഈശ്വരവിശ്വാസമില്ലാത്തവരുമായ അധ്യാപകര്‍ നല്ല രീതിയില്‍ നടക്കുന്ന കോളേജുകളിലേക്ക് വരാന്‍ കാരണമാകും. അത് കോളേജിന്റെ മൂല്യതകര്‍ച്ചയ്ക്കും രാഷ്ട്രീയവല്‍ക്കരണത്തിനും കാരണമാകും-കമ്മീഷന്‍ സെക്രട്ടറി പറഞ്ഞു. ക്ലസ്റ്റര്‍ കോളേജുകള്‍ ഒരിക്കലും ഒട്ടോണമസ് (അൌ‍്ിീാൌെ) കോളേജുകള്‍ക്ക് പകരമാവില്ല. കേരളത്തിലെ നല്ല കോളേജുകള്‍ക്ക് ഓട്ടോണമസ് പദവി നല്‍കണം. ഓട്ടോണമസ് കോളേജുകളുടെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കായി യു.ജി.സി.യില്‍ നിന്ന് ലഭിക്കാവുന്ന കോടിക്കണക്കിന് രൂപയാണ് കേരളസര്‍ക്കാര്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ക്ലസ്റ്റര്‍ കോളേജുകള്‍ ഫലത്തില്‍ കോളേജുകളുടെ വ്യക്തിത്വം നശിപ്പിക്കുന്നു. മാനേജ്മെന്റിന്റെയും സ്റ്റാഫിന്റെയും തനിമയും അധികാരവും എടുത്ത് കളയുന്നു. സ്വകാര്യ കോളേജുകള്‍ക്ക് പുതിയ കോഴ്സ് അനുവദിക്കാത്തത് തികച്ചും തിരിച്ചുവ്യത്യാസമാണ്. സര്‍ക്കാരിന്റെ വിദ്യാഭ്യാസമേഖലയിലെ സര്‍വ്വാധിപത്യമാണ് വിദ്യാഭ്യാസ പുരോഗതിയുടെ അടിസ്ഥാനമെന്ന് ചിന്തിക്കുന്നത് തെറ്റാണ്. ആയതിനാല്‍ ക്ലസ്റ്റര്‍ കോളേജുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതിനു മുമ്പ് തന്നെ സമഗ്രമായ ചര്‍ച്ചകള്‍ വഴി സംശയങ്ങള്‍ ദൂരീകരിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ പറഞ്ഞു.