Thursday, October 9, 2008

മാര്‍ പൗവ്വത്തിലിനെ പഠിപ്പിക്കാന്‍ എസ്‌.എഫ്‌.ഐക്ക്‌ എന്ത്‌ യോഗ്യത? :

മാര്‍ പൗവ്വത്തില്‍ ക്രിസ്തീയ ദര്‍ശനങ്ങള്‍ പഠിക്കണമെന്ന്‌ പറയാന്‍ എസ്‌.എഫ്‌.ഐക്ക്‌ എന്തു യോഗ്യതയാണുള്ളതെന്ന്‌ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി. ക്രിസ്തീയ ദര്‍ശനങ്ങളെക്കുറിച്ച ്‌ മാര്‍ ജോസഫ്‌ പൗവ്വത്തിലിന്‌ ഒന്നുമറിയില്ലെന്ന്‌ എസ്‌.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി എ.എന്‍ ഷംസിന്റെ പ്രസ്താവനയോട്‌ പ്രതികരിക്കുകയായിരുന്നു ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍. കേരളത്തെ ഭ്രാന്താലയമാക്കാന്‍ ആരാണ്‌ ശ്രമിക്കുന്നതെന്ന്‌ കേരളത്തിലെ ജനങ്ങള്‍ക്ക്്‌ ബോധ്യപ്പെട്ടു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ പൗവ്വത്തിലിനെ വിമര്‍ശിക്കുന്നത്‌ യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്തവരാണ്‌. വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ വളരെ ശരിയാണ്‌. പിതാവിന്റെ ദര്‍ശനങ്ങളും ഉള്‍ക്കാഴ്ചകളും കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക്‌ വളരെ ഗുണം ചെയ്തിട്ടുണ്ട്‌. വിവാദപാഠപുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ സമാധാനപരമായി പ്രതിഷേധം നടത്തുന്നവരെ കള്ളക്കേസില്‍ കുടുക്കുകയും അവരെ ആക്രമിക്കുകയുമാണ്‌ എസ്‌.എഫ്‌.ഐയും സംസ്ഥാന പൊലീസും ചെയ്യുന്നതെന്ന്‌ കമ്മീഷന്‍ സെക്രട്ടറി ആരോപിച്ചു. മതവിദ്വേഷവും നിരീശ്വരവാദവും വളര്‍ത്തുന്ന വിവാദ പാഠപുസ്തകം പിന്‍വലിക്കാത്തത്‌ വിദ്യാഭ്യാസ മന്ത്രിയുടെ ധാര്‍ഷ്ട്യം മൂലമാണ്‌. നിരീശ്വരമനോഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും മതവിദ്വേഷം വളര്‍ത്തുന്നതുമായ വിവാദപാഠപുസ്തകം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന്‌ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു