Thursday, October 9, 2008

വിവാദ പാഠപുസ്തകം : വിദഗ്ദ സമിതിയെ അംഗീകരിക്കാനാവില്ല -

ഏഴാം ക്ലാസ്സ്‌ സാമൂഹ്യപാഠപുസ്തകത്തെച്ചൊല്ലി വളരെയധികം വിവാദമുണ്ടായിട്ടും സത്യം മനസ്സിലാക്കുവാന്‍ വിദ്യാഭ്യാസ മന്ത്രിയോ സംസ്ഥാന സര്‍ക്കാരോ തയ്യാറായിട്ടില്ല. വിവാദ പാഠപുസ്തകത്തെക്കുറിച്ച്‌ പഠിക്കുവാനും പരാതികളെപ്പറ്റി അന്വേഷിക്കുവാനും നിയമിച്ചിരിക്കുന്ന വിദഗ്ദ സമിതിയും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്‌. ഇടതുചിന്താഗതിക്കാരായ കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ സഹയാത്രികരെയും ചില സമുദായങ്ങളിലെ വിഘടിത ശബ്ദങ്ങളെ പ്രതിനിധാനം ചെയ്യുന്നവരേയും മാത്രം ഉള്‍പ്പെടുത്തിയാണ്‌ വിദഗ്ദ സമിതിക്ക്‌ രൂപം നല്‍കിയിരിക്കുന്നത്‌. പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണ്‌ ഇത്തരത്തിലുള്ള ഒരു വിദഗ്ദ സമിതിയെ പാഠപുസ്തകം പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്‌. വിദഗ്ദ സമിതി പഠനം നടത്തുന്ന കാലഘട്ടത്തിലെങ്കിലും പുസ്തകം പഠിപ്പിക്കേണ്ടയെന്ന്‌ പറയുവാനുള്ള അടിസ്ഥാന മര്യാദപോലും വിദ്യാഭ്യാസ മന്ത്രി കാണിച്ചില്ല. വിദഗ്ദ സമിതിയുടെ നിയമനത്തില്‍ യാതൊരാത്മാര്‍ത്ഥതയുമില്ലായെന്ന്‌ ഇതില്‍ നിന്നും വ്യക്തമാണ്‌. കേരളത്തിലെ ബഹുപൂരിപക്ഷം ആളുകളും തള്ളിപ്പറഞ്ഞ പാഠപുസ്തകം പഠിക്കുവാന്‍ നിര്‍ദ്ദേശിച്ച കമ്മിറ്റിയുമായി സഹകരിക്കുകയില്ലായെന്ന്‌ കത്തോലിക്കാ സഭ വ്യക്തമാക്കിയിട്ടുണ്ട്‌. പതിനെട്ടംഗ സമിതിയില്‍ പതിനാറു പേരും മാര്‍ക്സിസ്റ്റ്‌ വിധേയത്വമുള്ളവരാണ്‌. അവരില്‍ പലരും വിവാദ പാഠപുസ്തകത്തിന്‌ പരസ്യമായി പിന്തുണ നല്‍കിയിട്ടുള്ളവരുമാണ്‌. പാഠപുസ്തകത്തെക്കുറിച്ചുള്ള വിവാദം ശക്തമാകുന്നതുകൊണ്ടാവാം ക്രൈസ്തവ സഭയുമായി പിണങ്ങിനില്‍ക്കുന്ന ചില വ്യക്തികളെ സഭാ വക്താക്കളായി ചിത്രീകരിക്കുവാനുള്ള ശ്രമവും സാംസ്കാരിക നേതാക്കളുടെ അംഗീകാരം ലഭിക്കുവാനായി വിദ്യാഭ്യാസ മന്ത്രിയും ചില മാധ്യമങ്ങളും നേട്ടോട്ടത്തിലാണ്‌. മാത്രമല്ല, പാഠപുസ്തകത്തെ എതിര്‍ക്കുന്നവരുടെമേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുവാനും രാജ്യദ്രോഹികളായി ചിത്രീകരിക്കുവാനും വിദ്യാഭ്യാസ മന്ത്രിയും ചില മാധ്യമങ്ങളും പരിശ്രമിച്ചു വരികയാണ്‌. പാഠപുസ്തകം പഠിക്കുവാന്‍ നിയമിച്ചിരിക്കുന്ന വിദഗ്ദ സമിതി വിദ്യാഭ്യാസ മേഖലയെത്തന്നെ നശിപ്പിക്കുവാന്‍ കൂട്ടുനില്‍ക്കുകയല്ലേയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തെക്കുറിച്ച്‌ കത്തോലിക്കാ സഭയുടെ നിലപാട്‌ വളരെ വ്യക്തമാണ്‌. പാഠപുസ്തകം പിന്‍വലിക്കുന്നതുവരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ തുടരാനും ശക്തമാക്കാനും കൂടുതല്‍ ജനകീയമാക്കാനും കേരളകത്തോലിക്കാ മെത്രാന്‍ സമിതി തീരുമാനമെടുത്തിട്ടുണ്ട്‌.രൂപതാ തലങ്ങളിലും ഇടവകതലങ്ങളിലും ജാഗ്രതാസമിതികള്‍ രൂപീകരിക്കുക, നാല്‍ക്കവലകളില്‍ യോഗങ്ങള്‍, പൊതുസ്ഥലങ്ങളിലെ പ്രസംഗങ്ങള്‍, വാഹനപ്രചരണ ജാഥകള്‍, അത്മായ സംഘടനകളുടെ നേതൃത്വത്തില്‍ റിലേ സത്യാഗ്രഹങ്ങള്‍, പാഠപുസ്തകത്തിലെ അപാകതകളെക്കുറിച്ച്‌ ബോധവത്ക്കരണം, ലഘുലേഖകള്‍, സ്കൂള്‍ അധ്യാപകര്‍ക്ക്‌ പ്രത്യേക ബോധവത്ക്കരണ ക്ലാസുകള്‍ തുടങ്ങിയവയാണ്‌ കേരളത്തിലെ മെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍. മെത്രാന്‍ സമിതിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ വിവിധ സംഘടനകളും രൂപതകളും ഇടവകകളും മുന്നോട്ടുവരണമെന്ന്‌ ഐക്യ-ജാഗ്രതാ കമ്മീഷന്‍ ആഹ്വാനം ചെയ്തു.