എയ്ഡഡ് സ്ക്കൂളുകളിലെ അധ്യാപകരെ നിയമിക്കുന്നതിനുള്ള മാനേജ്മെന്റിന്റെ അധികാരത്തില്‍ വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് കെ.സി.ബി.സി ഐക്യ- ജാഗ്രതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമന നിയന്ത്രണം പതിനായിരക്കണക്കിന് അധ്യാപകരെ ദിവസക്കൂലിക്കാരാക്കി മാറ്റിയിരിക്കുകയാണ്. 87 -88 വര്‍ഷത്തേക്കാള്‍ വിദ്യാഭ്യാസ വകുപ്പില്‍ 23,000 തസ്തികകള്‍ വിവിധ കാരണങ്ങളാല്‍ കുറഞ്ഞു. എണ്‍പതുകളില്‍ റവന്യു ചെലവിന്റെ 40% വിദ്യാഭ്യാസ വകുപ്പിന് നല്‍കിയിരുന്നെങ്കില്‍ അതിപ്പോള്‍ 33% മാത്രമാണുള്ളത്. എന്നിട്ടും എയ്ഡഡ് സ്ക്കൂള്‍ അധ്യാപകരെ ദ്രോഹിക്കുകയും പി.എസ്.സി മുഖേനയുള്ള നിയമനം നിഷേധിച്ച് ആയിരക്കണക്കിന് തസ്തികകളില്‍ ദിവസക്കൂലി വ്യവസ്ഥയില്‍ ജോലി ചെയ്യിക്കുകയുമാണ് തൊഴിലാളി പ്രേമം നടിക്കുന്ന സംസ്ഥാനസര്‍ക്കാര്‍ ചെയ്യുന്നത്. സമൂഹത്തിലെ പാവപ്പെട്ടവരുടെ മക്കളാണ് ഗവണ്‍മെന്റ് സ്ക്കൂളുകളിലും എയ്ഡഡ് സ്ക്കുളുകളിലും പഠിക്കുന്നത്. അവരെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അര്‍ഹമായ നീതി നിഷേധിച്ചിരിക്കുന്നത്. അര്‍ഹമായ നീതി നിഷേധിക്കുമ്പോള്‍ തീര്‍ച്ചയായും അതൃപ്തിയുണ്ടാവുകയും ആത്മാര്‍ത്ഥത കുറയുവാന്‍ കാരണമാവുകയും ചെയ്യും. അതുകൊണ്ട് എയ്ഡഡ് സ്ക്കുളുകളിലെ അധ്യാപകരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കണമെന്ന നിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പ് പുനഃപരിശോധിക്കണമെന്ന് കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷനു വേണ്ടി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ അഭ്യര്‍ത്ഥിച്ചു