Wednesday, October 15, 2008

അല്‍ഫോന്‍സാമ്മ സഹനത്തിലൂടെ വിശുദ്ധിയിലേക്ക്‌: മാര്‍ ദിവന്നാസിയോസ്‌

സഹനത്തിലൂടെ വിശുദ്ധരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ട പുണ്യവതിയാണ്‌ സിസ്റ്റര്‍ അല്‍ഫോന്‍സയെന്ന്‌ ബത്തേരി ബിഷപ്പും മിഷന്‍ലീഗ്‌ സംസ്ഥാന രക്ഷാധികാരിയുമായ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌ അഭിപ്രായപ്പെട്ടു.അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി വത്തിക്കാനില്‍ പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച്‌ ഭരണങ്ങാനം ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ്‌ മാര്‍ ദിവന്നാസിയോസ്‌ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. അല്‍ഫോന്‍സാമ്മയുടെ മൃതസംസ്ക്കാരവേളയില്‍ റോമുളൂസച്ചന്‍ നടത്തിയ പ്രസംഗങ്ങളിലെ വിഖ്യാത വാചകങ്ങള്‍ മാര്‍ ദിവന്നാസിയോസ്‌ അനുസ്മരിച്ചു.ഇവള്‍ ജീവിച്ച കന്യാമഠം ഭാഗ്യപ്പെട്ടത്‌. ദൈവം തുരുമനസാകുന്നുവെങ്കില്‍ ഈ ഭരണങ്ങാനം ഭാരതത്തിന്റെ ലിസ്യൂ ആയി പരിണമിക്കും. സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയെക്കുറിച്ച്‌ റോമളൂസച്ചന്‍ നടത്തിയ ചരമ പ്രസംഗം ഇന്ന്‌ സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു. ഭാരതകത്തേലിക്കാ സഭയ്ക്ക്‌ ഇത്‌ അഭിമാനത്തിന്റെ നിമിഷമാണെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.കേരളത്തില്‍ നിന്നല്ല ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ ഇവളുടെ നിര്‍മ്മലശരീരം ഉള്‍ക്കൊള്ളുന്ന കുഴിമാടം സന്ദര്‍ശിക്കും. റോമളൂസച്ചന്‍ അല്‍ഫോന്‍സാമ്മയുടെ സംസ്ക്കാരത്തോടനുബന്ധിച്ച്‌ നടത്തിയ പ്രസംഗത്തിലെ ഓരോ വരികളും ഇന്ന്‌ സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു. 20 നൂറ്റാണ്ടിന്റെ സജീവ ക്രൈസ്തവപാരമ്പര്യമുള്ള കേരള സഭയ്ക്ക്‌ ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ ദൈവികദാനമാണ്‌ ഈ വിശുദ്ധ പ്രഖ്യാപനം. കര്‍ത്താവിന്റെ കുരിശിന്റെ സഹനത്തിന്റെ അര്‍ത്ഥം തന്റെ ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക്‌ കാട്ടിക്കൊടുക്കുവാന്‍ അല്‍ഫോന്‍സാമ്മയ്ക്ക്‌ കഴിഞ്ഞുവെന്ന്‌ പിതാവ്‌ അഭിപ്രായപ്പെട്ടു.