ജീവനെ നശിപ്പിക്കുന്നതിനു പ്രചോദനമാകുന്ന മരണ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കെ.സി.ബി. സി ഫാമിലി കമ്മീഷന്‍ പ്രോ-ലൈഫ് സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പ്രതിഷേധ പരിപാടികളുടെ തുടക്കമായി ഒക്ടോബര്‍ 15-ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. രാവിലെ 9.30-ന് പാളയം മലങ്കര പള്ളിയില്‍ നടക്കുന്ന പ്രാര്‍ഥനയ്ക്കു ശേഷം റാലിയായി സെക്രട്ടറിയേറ്റിനു മുന്നിലെത്തിയാണ് ധര്‍ണ. തിരുവനന്തപുരം അതിരൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ. ഫാ. ജെറോം ഫെര്‍ണാണ്ടസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രോ-ലൈഫ് സമിതി സെക്രട്ടറി ഏബ്രഹാം പുത്തന്‍കളം വിഷയാവതരണ പ്രസംഗം നടത്തി. റീജിയണല്‍ കോ- ഓര്‍ഡിനേറ്റര്‍ ജോര്‍ജ് എഫ്. സേവ്യര്‍, സിസ്റ്റര്‍ കോണ്‍സലേറ്റ് എന്നിവര്‍ പ്രസംഗിച്ചു. ധര്‍ണയുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. റവ. ഫാ. ജെറോം ഫെര്‍ണാണ്ടസ് ചെയര്‍മാനും, ജോര്‍ജ് എഫ്. സേവ്യര്‍ ജനറല്‍ കണ്‍വീനറും, പ്രഫ. കെ.കെ ജോസഫ്, ഡോ. ഏബ്രഹാം ജേക്കബ്, മോഹന്‍ അലക്സ്, സിസ്റ്റര്‍ കോണ്‍സലേറ്റ്, മോഹന്‍ നെയ്യാറ്റിന്‍കര, നെല്‍സണ്‍, നിലിന ഏബ്രഹാം, റാണി രാജന്‍, സിസ്റ്റര്‍ ഗ്രേയ്സ്, ബ്രൈറ്റ് എന്നിവര്‍ കണ്‍വീനര്‍മാരുമായി വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ചു.