അല്‍ഫോന്‍സാമ്മയെ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തുന്ന ഒക്ടോബര്‍ 12 ഞായറാഴ്ച കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര സഭകളിലെ ദൈവാലയ ങ്ങളില്‍ ദിവ്യബലി മധ്യേ പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷ നടത്തപ്പെടും. സാര്‍വത്രിക സഭയുടെ പരമാധ്യക്ഷന്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ റോമിലെ വത്തിക്കാനില്‍ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30-ന് കൃതജ്ഞതയുടെയും ആനന്ദത്തിന്റെയും അടയാളമായി കേരളത്തിലെ എല്ലാ ദൈവാലയങ്ങളിലും പള്ളിമണികള്‍ മുഴങ്ങും. ആഹ്ലാദസൂചകമായി പള്ളിമണികള്‍ മുഴങ്ങുന്ന സമയത്ത് വിശ്വാസികള്‍ എല്ലാവരും ദൈവാനുഗ്രഹനിറവിനായി ഒരു മിനിറ്റ് മൗനമായി പ്രാര്‍ത്ഥിക്കും. കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ (കെ.സി.ബി.സി) പ്രത്യേക നിര്‍ദ്ദേശമനുസരിച്ചാണ് കേരളത്തിലെ കത്തോലിക്കാ ദൈവാലയങ്ങളില്‍ ഒക്ടോബര്‍ 12-ാം തീയതി ഞായറാഴ്ച ദിവ്യബലി മധ്യേ നന്ദിസൂചകമായി പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തുന്നതും ആഹ്ലാദസൂചകമായി പള്ളി മണികള്‍ മുഴക്കുന്നതും. കേരള കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തില്‍ 2008 നവംബര്‍ ഒന്‍പതിന് സംസ്ഥാന ആഘോഷങ്ങള്‍ ഭരണങ്ങാനത്തുവച്ച് നടക്കും. അന്ന് ഉച്ച കഴിഞ്ഞ് രണ്ടരയ്ക്ക് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനത്ത് പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി അധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനം മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ അപ്പസ്തോലിക ന്യൂന്‍ഷിയോ പെദ്രോ ലോപ്പസ് ക്വിന്താനയും കര്‍ദ്ദിനാള്‍മാരായ ടെലസ്ഫോര്‍ ടോപ്പോ, ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് ആഞ്ചലോ, മാര്‍ വര്‍ക്കി വിതയത്തില്‍, ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍, ആര്‍ച്ചു ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് 4.15-ന് ഇന്ത്യയിലെ എല്ലാ മെത്രാന്മാരും പങ്കെടുക്കുന്ന കൃതജ്ഞതാബലി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മാര്‍ ബസേലിയോസ് ക്ലീമിസ് വചന സന്ദേശം നല്‍കും.