മതത്തിന്റെ പേരിലുള്ള ആക്രമണങ്ങളില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. ആക്രമണങ്ങള്‍ ഒരു മതത്തിന്റെയും ധര്‍മ്മത്തിന് ചേര്‍ന്നതല്ല. മതവിഭാഗങ്ങള്‍ തമ്മില്‍ സൗഹൃദവും പരസ്പരവിശ്വാസവും കൂട്ടായപ്രവര്‍ത്തനവും ഉണ്ടാവേണ്ടത് രാഷ്ട്രത്തിന്റെ കെട്ടുറപ്പിനും നിലനില്‍പിനും മാത്രമല്ല മനുഷ്യരുടെ നിലനില്‍പ്പിനുപ്പോലും അനുപേക്ഷണീയമാണെന്ന് ഈ യോഗം കരുതുന്നു. മതവിദ്വേഷവും സ്പര്‍ദ്ധയും വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാക്കുന്ന പ്രവര്‍ത്തനങ്ങളും നിലപാടുകളും തടയപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതുമാണ്. എല്ലാ മതസ്ഥര്‍ക്കും തങ്ങളുടെ മതവിശ്വാസപ്രമാണ ങ്ങള്‍ വിലപ്പെട്ടതാണ്. അവ നിര്‍ബന്ധിച്ച് മാറ്റുന്നത് ഒട്ടും ആശാസ്യമല്ല. അത്തരത്തില്‍ മതം മാറ്റുവാന്‍ വേണ്ടി നടത്തുന്ന ഏതൊരു ശ്രമവും മതസൗഹാര്‍ദ്ദം തകര്‍ക്കും. സ്വന്തം മതത്തില്‍ വിശ്വസിക്കുവാനുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കുവാന്‍ പാടില്ല. അതുപോലെ എല്ലാ മതസ്ഥര്‍ക്കും സ്വന്തം വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും വച്ചുപുലര്‍ത്തുവാനുള്ള അവകാശവും സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടനയും ഭാരതീയ പാരമ്പര്യവും അനുശാസിക്കുന്നു. മറ്റ് മതവിശ്വാസങ്ങളെ ചോദ്യം ചെയ്തും അവഹേളിച്ചും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്. മതവിശ്വാസികള്‍ ആരാധ്യമായി കരുതുന്നവയെ അവഹേളിക്കുന്ന വിധത്തില്‍ ചിത്രീകരിക്കുന്നതും തെറ്റാണ്. സമീപകാലത്ത് മതവിശ്വാസികളെ ഉത്കണ്ഠാകുലരാക്കുന്ന സംഭവവികാസങ്ങള്‍ കൂടെക്കൂടെ ഉണ്ടാകുന്നു. കേരളത്തില്‍ നാലില്‍പരം ക്രൈസ്തവദേവാലയങ്ങള്‍ അക്രമത്തിനിരയായി. ക്ഷേത്രങ്ങളിലും പള്ളികളിലും കവര്‍ച്ചയും അക്രമവും സ്ഥിരംപതിവായിത്തീര്‍ന്നിരിക്കുന്നു. പ്രശസ്തമായ അങ്ങാടിപ്പുറം തളിക്ഷേത്രഗോപുര വാതില്‍ തീവച്ചു നശിപ്പിച്ചു. ഗുരുദേവമന്ദിരങ്ങള്‍ അക്രമത്തിനിരയായി. ഈ കേസുകള്‍ക്ക് തുമ്പുണ്ടാക്കുവാനോ കുറ്റവാളികളെ പിടികൂടുവാനോ അധികൃതര്‍ക്ക് കഴിയാത്തതില്‍ ശക്തമായ പ്രതിഷേധം വിശ്വാസികള്‍ക്കുണ്ട്. ആരാധനാലയങ്ങള്‍ ആരുടേതായാലും അത് ആരാധ്യമായി കണക്കാക്കേണ്ടതാണ്. ഈശ്വരവിശ്വാസം പരിപോഷിപ്പിക്കുന്ന ശ്രമങ്ങളില്‍ സഹകരണം ഉണ്ടാകുന്നത് അഭിലഷണീയമാണ്. പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ജാതി, മതം എന്നീ ചിന്ത കൂടാതെയുള്ള കൂട്ടായ സമര്‍പ്പണം കൂടുതലായി മതസമൂഹങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകണം. ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ഞങ്ങള്‍ നിലനില്‍ക്കുന്നു. രാജ്യത്തെ പാവപ്പെട്ടവരുടെയും പീഡിപ്പിക്കപ്പെടുന്നവരുടെയും നീതിക്കുവേണ്ടി ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതാണ്. അതുപോലെ തന്നെ സമൂഹത്തിന്റെ ധാര്‍മ്മിക ഉന്നമനത്തിനായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതാണ്. മതവികാരത്തെ മുതലെടുത്തു നടത്തുന്ന രാഷ്ട്രീയനീക്കങ്ങളെക്കുറിച്ച് ഏവരും ജാഗ്രത ഉള്ളവരായിരിക്കണം. സമൂഹത്തില്‍ ശാന്തിയും സമാധാനവും നീതിയും പുലരുന്നതിനുവേണ്ടി എപ്പോഴും പരിശ്രമിക്കും.