ഉത്താരഖണ്ഡില്‍ ഫാ. സാമുവലും മേഴ്സി ബഹാദൂറും അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഐക്യ-ജാഗ്രതാ കമ്മീഷന്‍ അതീവ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. ഘാതകരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും മിഷണറിമാരുടെ ജീവന് സംരക്ഷണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഭാരതത്തില്‍ മിഷണറിമാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ കമ്മീഷന്‍ ആശങ്ക അറിയിച്ചു. ക്രൈസ്തവര്‍ക്കെതിരെയുള്ള പീഢനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും ഇതുവരെയുള്ള ഇടപെടലുകള്‍കൊണ്ട് ക്രൈസ്തവരുടെ ജീവനും സ്വത്തും പൂര്‍ണ്ണമായി സംരക്ഷിക്കുവാന്‍ സാധിച്ചിട്ടില്ലായെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ അനാസ്ഥ കാണിക്കുന്നത് അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കേണ്ട സംസ്ഥാന സര്‍ക്കാരുകള്‍ അക്ഷന്തവ്യമായ അനാസ്ഥയാണ് കാണിക്കുന്നത്. ജീവന്‍ അപകടത്തിലാണെന്ന ഭീതിയിലാണ് മിഷണറിമാരും ക്രൈസ്തവരും ഇന്ന് ഭാരതത്തില്‍ ജീവിക്കുന്നത്. ക്രൈസ്തവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാനും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഉറപ്പാക്കുവാനും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തയ്യാറാവണം. ക്രൈസ്തവ സമൂഹത്തെ ജന്മനാട്ടില്‍ നിന്നും ഉന്മൂലനം ചെയ്യുവാന്‍ ആസൂത്രിത നീക്കം നടത്തുന്ന അക്രമികളുടെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പ്രതിസന്ധികളില്‍ പ്രകോപിതരാകരുതെന്നും കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷനു വേണ്ടി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആഹ്വാനം ചെയ്തു.