എവിടെയെങ്കിലും ഒരു വീഴ്ചയുണ്ടായാല്‍, അത് സഭയുടെ പൊതുവായ വീഴ്ചയായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമം ചില മാധ്യമങ്ങള്‍ നടത്തുന്നുവെന്നു കെ.സി.ബി.സി. പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍. പി.ഒ. സി.യുടെ റൂബി ജൂബിലിയോടനുബന്ധിച്ച് മുന്‍ സ്റ്റാഫംഗങ്ങളുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. കത്തോലിക്കാ സഭയുടെ പൊതുവായ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഉപയുക്തമായ ‘“ക്രിസ്തുവില്‍ ഒന്നാകുക”’ എന്ന വചനം സാര്‍ഥകമാക്കാനാണു പി.ഒ.സി. ശ്രമിക്കുന്നത്. സഭയുടെ തനിമ നിലനിറുത്തിക്കൊണ്ടുള്ള പി.ഒ.സിയുടെ കൂട്ടായ്മാപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.പി.ഒ.സിയില്‍ ദീര്‍ഘകാലം ഡയറക്ടറായിരുന്ന പുനലൂര്‍ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കേരളസഭ എന്താണെന്നു പരിചയപ്പെടാന്‍ കഴിഞ്ഞതു പി.ഒ.സിയിലെ 13 വര്‍ഷക്കാലത്തെ സേവന കാലഘട്ടത്തിലാണ്. സഭ ഒന്നാണെന്നു പ്രഘോഷിക്കുന്ന ഭൂരിപക്ഷം വിശ്വാസികളുടെ പ്രകാശമയമാര്‍ന്ന സാന്നിധ്യം പി.ഒ.സിയുടെ സവിശേഷതയാണ് - ബിഷപ്പ് പറഞ്ഞു. പി.ഒ.സിയുടെ മുന്‍ ഡയറക്ടര്‍മാര്‍, വിവിധ കമ്മീഷനില്‍ സേവനമനുഷ്ഠിച്ചവര്‍ എന്നിവരുള്‍പ്പെട്ട അമ്പതോളം പേര്‍ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുത്തു. റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, ഫാ.ജോസ് കോട്ടയില്‍, മോണ്‍. ജോര്‍ജ്ജ് ചൂരക്കാട്ട്, റവ.ഡോ. സക്കറിയാസ് പറനിലം, റവ.ഡോ .ജോര്‍ജ്ജ് കുരുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു.