ബിഷപ്ഡോ. ജോണ്‍ തട്ടുങ്കലിന്റെ ദത്തെടുക്കല്‍ വിവാദവുമായി ബന്ധപ്പെട്ടു കൊച്ചി രൂപതയിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് കോട്ടപ്പുറം ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ കണ്‍വീനറായ മൂന്നംഗ മെത്രാന്‍ സമിതി അന്വേഷിക്കും. വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍, നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. തട്ടുങ്കലിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന വൈദീകരുടെ യോഗത്തിലാണ് തീരുമാനം. ആര്‍ച്ച് ബിഷപ് ഡാനിയേല്‍ അച്ചാരുപറമ്പിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. അന്വേഷണം എത്രനാള്‍ കൊണ്ട് പൂര്‍ത്തിയാക്കണമെന്നോ അന്വേഷണത്തിന്റെ വ്യാപ്തിയെക്കുറിച്ചോ വത്തിക്കാനില്‍ നിന്നു കൃത്യമായ നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെന്നു കൊച്ചി രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ അറിയിച്ചു. രാവിലെ കൊച്ചി രൂപതാ മെത്രാസന മന്ദിരത്തിലെത്തിയ ഡോ. അച്ചാരുപറമ്പില്‍, വിവാദത്തെത്തുടര്‍ന്ന് ചുമതലകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബിഷപ് ഡോ. ജോണ്‍ തട്ടുങ്കലുമൊത്തു രൂപതയിലെ വൈദീകരുടെ യോഗത്തില്‍ പങ്കെടുത്തു. വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പും നിര്‍ദ്ദേശങ്ങളും പ്രഖ്യാപിച്ചു. കൊച്ചി രൂപതയിലെ വികാരി ജനറല്‍, പ്രൊക്യുറേറ്റര്‍, ചാന്‍സലര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന വൈദീകരെ മാറ്റിയതായും പുതിയ സംവിധാനം വൈകാതെ നിലവില്‍ വരുമെന്നും ആര്‍ച്ച് ബിഷപ് അറിയിച്ചു. അതേസമയം ദത്തെടുക്കല്‍ വിവാദത്തില്‍ സസ്പെന്‍ഷനിലായ ബിഷപ് ഡോ. ജോണ്‍ തട്ടുങ്കലിനെ മാര്‍പ്പാപ്പ വത്തിക്കാനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്