ഒറീസയിലെ കാന്‍ഡമലില്‍ ക്രൂരമായ മാനഭംഗത്തിനിരയായ കന്യാസ്ത്രീ ആ പീഡാനുഭവത്തിന്റെ കരള്‍ പിളര്‍ക്കുന്ന വേദനകള്‍ പത്രസമ്മേളനത്തില്‍ പങ്കുവച്ചു. മന:സാക്ഷിയുള്ളവരെയെല്ലാം കുത്തിനോവിക്കുന്ന ക്രൂരമായ കാട്ടാളത്തത്തിന്റെ നടുക്കുന്ന വിവരണമാണ് കന്യാസ്ത്രീ നല്‍കിയത്. തനിക്കു സംരക്ഷണം നല്‍കേണ്ടിയിരുന്ന ഒറീസാ പോലീസ് അക്രമികളോട് സുഹൃത്തുക്കളെപ്പോലെയാണ് പെരുമാറിയതെന്നും അവര്‍ വെളിപ്പെടുത്തി.താന്‍ മാനഭംഗത്തിനിരയായ സംഭവത്തെപ്പറ്റി എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ പോലും വിസമ്മതിച്ച സംസ്ഥാന പോലീസിന്റെ പീഡനത്തിന് ഒരിക്കല്‍ കൂടി ഇരയാകാന്‍ ആഗ്രഹമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കന്യാസ്ത്രീ ആവശ്യപ്പെട്ടു. ഒറീസയില്‍ ക്രൈസ്തവര്‍ ആ ക്രമിക്കപ്പെട്ട സംഭവങ്ങളെപ്പറ്റി സി. ബി.ഐ അന്വേഷണം ആവശ്യ പ്പെട്ട് കട്ടക്ക് ആര്‍ച്ച് ബിഷപ് ഡോ. റാഫേല്‍ ചീനാത്ത് നല്‍കി യ ഹര്‍ജിയില്‍ സി.ബി.ഐ അന്വേഷണാവശ്യം സുപ്രീം കോടതി നിര സിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കന്യാസ്ത്രീ പത്രസമ്മേളനം നടത്തിയത്. മാനഭംഗ സംഭവത്തിനുശേഷം ആദ്യമായാണ് അവര്‍ പൊതുവേദിയില്‍ പ്രത്യക്ഷ പ്പെടുന്നത്. മിഷനറി പ്രവര്‍ത്തനത്തിനിടയില്‍ തനിക്കു നേരിട്ട ക്രൂരമായ അനുഭവം വിവരിച്ച് കന്യാസ്ത്രീ തയാറാക്കിയ പ്രസ്താവനയുടെ പൂര്‍ണരൂപം ചുവടെ: ഓഗസ്റ്റ് 24 വൈകുന്നേരം നാലര. ദിവ്യജ്യോതി പാസ്റ്ററല്‍ സെന്ററിന്റെ ഗേറ്റില്‍ വലിയൊരു ജനക്കൂട്ടത്തിന്റെ കൊലവിളി കേട്ട് ഞാനും മറ്റുള്ളവരും പുറകുവശത്തെ വാതിലിലൂടെ പുറത്തേക്കോടി. വനത്തിലേക്കാണ് ഞങ്ങള്‍ രക്ഷ പ്പെട്ടത്. ഞങ്ങളുടെ ഭവനം കത്തിയമരുന്നത് ഞങ്ങള്‍ കണ്ടു. രാത്രി എട്ടരയോടെ ഞങ്ങള്‍ വനത്തില്‍ നിന്നു പുറത്തുവന്നു. മാന്യനായ ഒരു ഹിന്ദു ഞങ്ങള്‍ക്ക് അഭയം തന്നു. ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയി.പിറ്റേന്ന് ഉച്ചക്ക് ഒന്നരയോടെ ആ വീട്ടില്‍ ഞാന്‍ താമസിച്ചിരുന്ന മുറിയിലേക്ക് ഒരുകൂട്ടം അക്രമികള്‍ ഇരച്ചു കയറി. അവരിലൊരാള്‍ എന്റെ മുഖത്ത് അടിച്ചു; മുടിക്കു കുത്തിപ്പിടിച്ച് പുറത്തേക്കു കൊണ്ടുപോയി. കോടാലി കൊണ്ടു കഴുത്തുവെട്ടാനായി രണ്ടു പേര്‍ എന്റെ കഴുത്തില്‍പ്പിടിച്ചു. എന്നെ റോഡിലേക്കു കൊണ്ടുവരാന്‍ മറ്റുള്ളവര്‍ അവരോടു പറഞ്ഞു. ഫാ. തോമസ് ചെല്ലന്‍തറയെ അവിടെ കൊണ്ടുവന്നു മര്‍ദിക്കുന്നത് ഞാന്‍ കണ്ടു. ഏതാണ്ട് 40- 50 പേരു വരുന്ന അക്രമിക്കൂട്ടത്തിന്റെ പക്ക ല്‍ ലാത്തി, കോടാലി, അരിവാള്‍, ഇരുമ്പുവടി തുടങ്ങിയ മാരകായുധങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ടു പേരെയും അവര്‍ മെയിന്‍ റോഡിലേക്കു കൊണ്ടു പോയി. അക്രമികള്‍ കത്തിച്ച ജനവികാസ് കെട്ടിടത്തിലേക്കാണ് അവിടെനിന്നു കൊണ്ടുപോയത്. ഞങ്ങളെ തീയിലിട്ടു ചുട്ടെരിക്കാന്‍ പോവുകയാണെന്ന് അവര്‍ പറഞ്ഞു. അവിടെച്ചെന്നപ്പോള്‍ ഡൈനിംഗ് റൂമിന്റെ വരാന്തയിലേക്ക് എന്നെ തള്ളിയിട്ടു. അവിടമാകെ പൊട്ടിയ ഗ്ലാസ് കഷണങ്ങളും ചാരവും കൊണ്ടു നിറഞ്ഞിരിക്കുകയായിരുന്നു. ഒരാള്‍ എന്റെ ബ്ലൗസ് വലിച്ചു കീറി. മറ്റുള്ളവര്‍ അടിവസ്ത്രങ്ങളും. ഫാ. ചെല്ലന്‍ എതിര്‍ത്തപ്പോള്‍ അദ്ദേഹത്തെ മര്‍ദ്ദിച്ച് അവശനാക്കി അവിടെനിന്ന് വലിച്ചിഴച്ചു കൊണ്ടുപോയി. അവരെന്റെ സാരി വലിച്ചഴിച്ചു. രണ്ടു പേര്‍ എന്റെ ഓരോ കൈകളിലും ചവി ട്ടിനിന്നു. മൂന്നാമതൊരാള്‍ മാനഭംഗപ്പെടുത്തി.എല്ലാം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരുവിധത്തില്‍ എഴുന്നേറ്റ് എന്റെ ബാക്കിയുള്ള വസ്ത്രങ്ങള്‍ നേരെയാക്കി. അപ്പോള്‍ മറ്റൊരു ചെറുപ്പക്കാരന്‍ വന്ന് എന്നെ വലിച്ചിഴച്ച് സ്റ്റെയര്‍കേസിനടുത്തുള്ള മുറിയിലേക്കു കൊണ്ടുപോയി. അവിടെ വച്ച് അയാളും മാനഭംഗത്തിനു മുതിര്‍ന്നു. ഞാന്‍ സ്റ്റെയര്‍കേസിനടിയില്‍ ഒളിച്ചു.സിസ്റ്റര്‍ എവിടെ, ഞങ്ങള്‍ക്കും മാനഭംഗപ്പെടുത്തണം എന്നു പറഞ്ഞ് അക്രമിക്കൂട്ടം പുറത്തു ബഹളം വയ്ക്കുകയായിരുന്നു. കുറഞ്ഞത് നൂറു പേരെങ്കിലും അവളെ മാനഭംഗപ്പെടുത്തണം എന്നും അവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. സ്റ്റെയര്‍കേസിനടിയില്‍നിന്ന് അവര്‍ എന്നെ വലിച്ചിഴിച്ച് റോഡിലേക്കു കൊണ്ടുപോയി. അവിടെ ഫാ. ചെല്ലന്‍ മുട്ടിലിഴയുന്നത് ഞാന്‍ കണ്ടു. അവര്‍ അദ്ദേഹത്തെ മര്‍ദിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ രണ്ടുപേരെയും കെട്ടിയിട്ട് തീയിലിടാന്‍ അവര്‍ കയര്‍ തെരഞ്ഞു. ഞങ്ങളെ നഗ്നരാക്കി നടത്തണമെന്ന് ചിലര്‍ പറഞ്ഞു. അര കിലോമീറ്റര്‍ അകലെയുള്ള നുവാഗോണ്‍ മാര്‍ക്കറ്റ് വരെ അവര്‍ ഞങ്ങളെ നടത്തിച്ചു. കൈകള്‍ കൂപ്പിപ്പിടിപ്പിച്ചാണ് അവര്‍ ഞങ്ങളെ നടത്തിയത്. ബ്ലൗസും അടിവസ്ത്രങ്ങളും അവര്‍ കീറിക്കളഞ്ഞതിനാല്‍ എനിക്കു സാരിയും പെറ്റിക്കോട്ടും മാത്രമേ ഉണ്ടായിരുന്നുള്ളു. അതുപോലും അഴിക്കാന്‍ അവര്‍ ശ്രമിച്ചു. ഞാന്‍ എതിര്‍ത്തപ്പോള്‍ എന്നെ ക്രൂരമായി മര്‍ദിച്ചു. കൈ കൊണ്ടു മുഖത്തടിക്കുകയും വടികള്‍ കൊണ്ടു പുറത്ത് തല്ലുകയും ചെയ്തു.മാര്‍ക്കറ്റില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ അവിടെ ഒരു ഡസനോളം ഒറീസ പോലീസുകാര്‍ ഉണ്ടായിരുന്നു. എന്നെ രക്ഷിക്കണമെന്ന് അവരോട് ഞാന്‍ കരഞ്ഞ് അപേക്ഷിച്ചു. രണ്ടു പോലീസുകാരുടെ നടുവിലായി ഞാനിരുന്നു. പക്ഷേ, അവര്‍ അനങ്ങിയില്ല. ജനക്കൂട്ടത്തില്‍ നിന്നൊരാള്‍ എന്നെ അവിടെനിന്നു വലിച്ചിഴച്ചു.അവരുടെ ക്ഷേത്ര മണ്ഡ പത്തിലേക്ക് ഞങ്ങളെ കൊണ്ടു പോകാന്‍ ശ്രമിച്ചു. പിന്നെ ഫാ.ചെല്ലനേയും എന്നെയും ബി.ഡി.ഒ യ്ക്കു കൈമാറാനെന്നു പറഞ്ഞ് നുവാഗോണ്‍ ബ്ലോക്ക് കെട്ടിടത്തിലേക്കു കൊണ്ടുപോയി. അവിടെനിന്ന് ബ്ലോക്ക് ഓഫീസറും ജനക്കൂട്ടവും ഞങ്ങളെ നുവാഗോണ്‍ പോലീസ് ഔട്ട്പോസ്റ്റില്‍ എത്തിച്ചു.ഭക്ഷണം കഴിച്ചു തിരിച്ചുവരാമെന്നു പറഞ്ഞ് അക്രമിക്കൂട്ടം പോയി. എന്നെ ആക്രമിച്ച ഒരാള്‍ മാത്രം പോലീസ് ഔട്ട്പോസ്റ്റില്‍ നിന്നു. പിന്നെ പോലീസുകാര്‍ അവിടേയ്ക്കുവന്നു. എന്നെ ആക്രമിച്ചയാളുമായി വളരെ പരിചിതഭാവത്തിലാണ് പോലീസുകാര്‍ സംസാരിച്ചത്. ബലിഗുഡയിലെ പോലീസ് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് വരുന്നതുവരെ ഞങ്ങള്‍ അവിടെയിരുന്നു. പിന്നെ ഞങ്ങളെ ബലിഗുഡയിലേക്കു കൊണ്ടുപോയി. ഞങ്ങളെ നേരിട്ട് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകാ ന്‍ അവര്‍ ഭയപ്പെട്ടു. കുറേനേരം ഗാരേജില്‍ പോലീസ് ജീപ്പ്പില്‍ ഇരുത്തിയശേഷമാണ് സ്റ്റേഷനിലെത്തിച്ചത്. ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജും മറ്റു രണ്ട് ഉദ്യോഗസ്ഥരും എന്നെ സ്വകാര്യമായി ഒരിടത്തേക്കു കൊണ്ടുപോയി എന്താണ് സംഭവിച്ചതെന്നു ചോദിച്ചു. സംഭവിച്ചതെല്ലാം ഞാന്‍ വിശദമായി വിവരിച്ചു. ഇന്‍സ്പെക്ടര്‍ അതെല്ലാം എഴുതിയെടുത്തു. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് ഇന്‍സ്പെക്ടര്‍ ചോദിച്ചു. അതിന്റെ പ്രത്യാഘാതങ്ങള്‍ അറിയുമോ എന്നും അയാള്‍ ചോദിച്ചു. രാത്രി പത്തുമണിയോടുകൂടി എന്നെ മെഡിക്കല്‍ ചെക്കപ്പിനായി ബലിഗുഡ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഒരു വനിതാ പോലീസ് ഓഫീസറും കൂടെയുണ്ടായിരുന്നു. എന്നെ പോലീസ് സ്റ്റേഷനില്‍ പാര്‍പ്പിക്കാന്‍ അവര്‍ ഭയപ്പെട്ടു. അക്രമിക്കൂട്ടം സ്റ്റേഷന്‍ ആക്രമിക്കുമെന്ന് അവര്‍ പറഞ്ഞു. അതുകൊണഅട് സി.ആര്‍. പി.എഫുകാര്‍ ക്യാമ്പു ചെയ്യുന്ന ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലേക്ക് ഞങ്ങളെ കൊണ്ടുപോയി. പിറ്റേന്നു രാവിലെ ഒമ്പതോടു കൂടി ഞങ്ങളെ ബലിഗുഡ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. എഫ്.ഐ.ആറിനുവേണ്ടി ഞാന്‍ മൊഴി എഴുതിക്കൊണ്ടിരുന്നപ്പോള്‍ ചാര്‍ജു ള്ള പോലീസുകാരന്‍ വേഗമാകട്ടെയെന്നും വിശദാംശങ്ങളൊന്നും വേണ്ടെന്നും പറഞ്ഞു. ഞാന്‍ പോലീസിനെപ്പറ്റി എഴുതിയപ്പോള്‍ ഇങ്ങനെയല്ല എഫ്.ഐ.ആര്‍ മൊഴി എഴുതേണ്ടതെന്നും ചുരുക്കിയെഴുതിയാല്‍ മതിയെന്നും അയാള്‍ പറഞ്ഞു. അങ്ങനെ മൂന്നാമതും ഞാന്‍ തിരുത്തിയെഴുതി. ഞാന്‍ ഫയല്‍ ചെയ്ത എഫ്.ഐ.ആറിന്റെ കോപ്പി എനിക്കു നല്‍കിയില്ല. വൈകുന്നേരം നാലുമണിയോ ടെ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് മറ്റു രണ്ട് ഉദ്യോഗസ്ഥരോടോപ്പം ഞങ്ങളെ ഭുവനേശ്വറിലേക്കു കൊണ്ടുപോകാനെന്നും പറഞ്ഞ് ബസില്‍ കയറ്റി. ഒറീസ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസിലായിരുന്നു യാത്ര. ചുരുക്കം ചില യാത്രക്കാരും ബസിലുണ്ടായിരുന്നു. രംഗമതിയില്‍ യാത്രക്കാര്‍ ഭക്ഷണം കഴിക്കാനിറങ്ങി. അതിനുശേഷം പോലീസുകാരെ കണ്ടില്ല. നായഗഡിനു സമീപം ഞങ്ങള്‍ ബസിറങ്ങി. തുടര്‍ന്ന് ഒരു സ്വകാര്യവാഹനത്തില്‍ കയറി 27-ന് പുലര്‍ച്ചെ രണ്ടു മണിയോടെ ഭുവനേശ്വ റിലെത്തി.അക്രമം തടയുന്നതിലും അക്രമികളില്‍നിന്ന് എനിക്കു സംരക്ഷണം നല്‍കുന്നതിലും സംസ്ഥാന പോലീസ് പരാജയപ്പെട്ടു. സുഹൃത്തുക്കളെപ്പോലെയാണ് അവര്‍ അക്രമികളോടു പെരുമാറിയത്. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നതില്‍നിന്ന് എന്നെ തടയാന്‍ അവര്‍ കഴിയുന്നത്ര ശ്രമിച്ചു. എന്റെ വിശദമായ പരാതി അവര്‍ സ്വീകരിച്ചില്ല. യാത്രയ്ക്കിടയില്‍ പകുതി വഴിവച്ച് അവര്‍ എന്നെ ഉപേക്ഷിച്ചു പോയി. മാനഭംഗം ചെയ്യപ്പെട്ട ഞാന്‍ ഇനി ഒറീസാ പോലീസിനാല്‍ പീഡിപ്പിക്കപ്പെടാനും ആഗ്രഹിക്കുന്നില്ല. സംഭവത്തെപ്പറ്റി സി.ബി.ഐ അന്വേഷണം ഞാന്‍ ആവശ്യപ്പെടുന്നു. ദൈവം ഇന്ത്യയെ അനുഗ്രഹിക്കട്ടെ. നിങ്ങള്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ.