മതമേലധ്യക്ഷന്മാരെ അധിക്ഷേപിക്കുന്ന പ്രവണതയിന്‍നിന്ന് പിണറായി വിജയന്‍ പിന്മാറണമെന്ന് കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. മതമേലധ്യക്ഷന്മാരെ നീചമായി വിമര്‍ശിക്കുന്നത് രാഷ്ട്രീയ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്ന പിണറായി വിജയനെപ്പോലുള്ള വ്യക്തികള്‍ക്ക് ചേര്‍ന്നതല്ല. പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട അടിസ്ഥാന മര്യദ പോലും പാലിക്കാതെ, എല്ലാ അതിരുകളും ലംഘിച്ചുകൊണ്ടാണ് പിണറായി വിജയന്‍ മതമേലധ്യക്ഷന്മാരെയും പുരോഹിതരെയും വിമര്‍ശിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മതമേലധ്യക്ഷന്മാരെയും പുരോഹിതരെയും അതിരുകടന്ന് വിമര്‍ശിക്കുന്ന ശൈലി രാഷ്ട്രീയക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത് അംഗീകരിക്കാനാവില്ല. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവ്വത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് കൊള്ളലാഭമുണ്ടാക്കുവാനായി വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന സത്യവിരുദ്ധവും അപഹാസ്യവുമാണ്. യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് കൊള്ളലാഭമുണ്ടാക്കുവാനായി കൂട്ടുനില്‍ക്കുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനു കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളിലെ ഫീസ്, സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ട സ്ഥാപനങ്ങളിലെ ഫീസിനെക്കാള്‍ വളരെയധികം കുറവാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാമൂഹ്യനീതിയും സുതാര്യതയും യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കിയത് കത്തോലിക്കാ സഭയാണ്. വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിമാത്രമാണ്, രാഷ്ട്രീയ നേതൃത്വം, മതമേലധ്യക്ഷന്മാരെ രാഷ്ട്രീയക്കാരായും കച്ചവടക്കാരായും ഒക്കെ ചിത്രീകരിക്കുന്നത്. പ്രബുദ്ധരായ കേരള ജനത ഈ സത്യം തിരിച്ചറിയും. മാര്‍ പൗവ്വത്തില്‍ പിതാവിന്റെ വിദ്യാഭ്യാസ മേഖലയിലെ നിലപാടുകളെ വിമര്‍ശിക്കുന്നവര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്തവരാണ്. പിതാവിന്റെ ദര്‍ശനങ്ങളും ഉള്‍ക്കാഴ്ചകളും വിദ്യാഭ്യാസ മേഖലയ്ക്കും സാമൂഹ്യനവോത്ഥാനത്തിനും ഗുണം ചെയ്യുന്നതാണെന്നും എക്കാലത്തും തെളിഞ്ഞിട്ടുണ്ടെന്ന് ഐക്യ-ജാഗ്രതാ കമ്മീഷനുവേണ്ടി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു.