Thursday, October 9, 2008

ബജ്‌രംഗ്ദളിനെ നിരോധിക്കണം : ഐക്യ-ജാഗ്രതാ കമ്മീഷന്‍.

കര്‍ണ്ണാടകയില്‍ ക്രസ്തവാരാധനാലയങ്ങള്‍ക്ക്‌ നേരേ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ക്രൈസ്തവ വിശ്വാസികളെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുകയും അവരുടെ ആരാധനാലയങ്ങളും സ്വത്തുക്കളും നശിപ്പിക്കുകയും ചെയ്യുന്ന ബജ്‌രംഗ്ദളിനെ ഉടന്‍ നിരോധിക്കണമെന്ന്‌ ഐക്യ-ജാഗ്രതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഒറീസ്സയില്‍ ആരംഭിച്ച്‌ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ പടര്‍ന്നുകൊണ്ടിരിക്കുന്ന മതമര്‍ദ്ദനം ഭാരതസംസ്ക്കാരത്തിന്‌ തീരാകളങ്കമാണ്‌. കര്‍ണ്ണാടകയില്‍ ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടത്‌ ഒറീസ്സയിലും മധ്യപ്രദേശിലും നടന്ന അനിഷ്ടസംഭവങ്ങളുടെ തുടര്‍ച്ച മാത്രമാണ്‌. ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം. അക്രമം ഇനിയും പടരാന്‍ അനുവദിക്കരുത്‌. അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരുതന്നെ ആയാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഭാരതത്തില്‍ ജനിച്ച എല്ലാ പൗരന്മാര്‍ക്കും സമാധാനപരമായി ജീവിക്കുവാന്‍ അവകാശമുണ്ട്‌. എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക്‌ സ്വന്തം നാട്ടില്‍ സമാധാനപരമായി ജീവിക്കുവാന്‍ സാധിക്കാത്ത അവസ്ഥയാണ്‌ ഇന്ന്‌ നിലനില്‍ക്കുന്നത്‌. ക്രിസ്ത്യാനികളില്‍ പലരും ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന അവസ്ഥയിലാണ്‌ ജീവിക്കുന്നത്‌. ക്രിസ്ത്യാനികളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ബജ്‌രംഗദളിനെനിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന്‌ ഐക്യ-ജാഗ്രതാ കമ്മീഷനുവേണ്ടി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.