ഒറീസ്സയില്‍ നിരപരാധികളായ ക്രൈസ്തവ സമൂഹം പീഢിപ്പിക്കപ്പെടുന്നതില്‍ കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്‍ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകത്തില്‍ ഐക്യ-ജാഗ്രതാ കമ്മീഷന്‍ ദുഃഖവും അനുശോചനവും അറിയിച്ചു. കുറ്റകൃത്യം ചെയ്തവര്‍ ആരുതന്നെ ആയാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒറീസ്സയിലെ നിരപരാധികളായ ക്രൈസ്തവ സമൂഹത്തെ ആക്രമിക്കുകയും അവരുടെ പ്രാര്‍ത്ഥനാലയങ്ങളും വസ്തുവകകളും നശിപ്പിക്കുകയും ചെയ്യുകയാണെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. കൊലപാതകത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്ന സൂചന ലഭിച്ചിട്ടും ഇതിനു പിന്നില്‍ ക്രൈസ്തവ സമൂഹമാണെന്ന് ചിത്രീകരിച്ചുകൊണ്ട് അക്രമത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കുവാനുള്ള ശക്തമായ നീക്കം നടന്നുകൊണ്ടിരിക്കുകയാണ്. ഒറീസ്സയില്‍ ഇതിനോടകംതന്നെ ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനാലയങ്ങളും നിരവധി മറ്റു സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. പല ക്രൈസ്തവ കുടുംബങ്ങളും അക്രമത്തെ ഭയന്ന് വനത്തിലേക്ക് പലായനം ചെയ്തിരിക്കുകയാണ്. ഒറീസ്സയില്‍ ക്രൈസ്തവസമൂഹത്തിന്റെ ജീവനും സ്വത്തിനും ഭീഷണി നേരിട്ടുകൊണ്ടിരിക്കുയാണ്. മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഒറീസ്സയിലെ ക്രൈസ്തവ സമൂഹത്തെ ഇല്ലായ്മ ചെയ്യുവാനുള്ള നീക്കത്തെ ക്രിസ്തീയ ചൈതന്യത്തിന്റെ മാര്‍ഗ്ഗത്തില്‍ നേരിടണം. ക്രൈസ്തവ സമൂഹത്തിന്റെ മാര്‍ഗ്ഗം അക്രമത്തിന്റെ മാര്‍ഗ്ഗമല്ല; സമാധാനത്തിന്റെയും ശാന്തിയുടെയും മാര്‍ഗ്ഗമാണ്. ഒറീസ്സയില്‍ ക്രൈസ്തവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഒറീസ്സാ സര്‍ക്കാര്‍ തയ്യാറാവണം. അക്രമത്തെ ഭയന്ന് വനാന്തരത്തിലേക്ക് പലായനം ചെയ്തിരിക്കുന്നവര്‍ക്ക് ഗ്രാമങ്ങളിലേക്ക് തിരിച്ചുവരുവാനുള്ള സാഹചര്യം ഒരുക്കണം. അക്രമത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ച് മുതലെടുപ്പിനു വേണ്ടി ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണം. ഒറീസ്സയില്‍ സമാധാനവും മതമൈത്രിയും പുനഃസ്ഥാപിക്കുന്നതിനുവേണ്ടി രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കന്മാര്‍ മുന്നോട്ടുവരണമെന്ന് കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷനു വേണ്ടി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപറമ്പില്‍ അഭ്യര്‍ത്ഥിച്ചു.