Monday, October 20, 2008

അന്യമതങ്ങളുടെ അന്ത:സത്ത മനസിലാക്കാത്തവരാണു പ്രശ്നക്കാര്‍: മന്ത്രി പാട്ടീല്‍

അന്യമതങ്ങളുടെ അന്ത: സത്ത മനസിലാക്കാത്തവരാണു ചില സംസ്ഥാനങ്ങളില്‍ പ്രശ്നത്തിനു കാരണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീല്‍. എറണാകുളം മറൈന്‍ ഡ്രൈവില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന യോഗത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക്‌ ക്രൈസ്തവ സഭകള്‍ നല്‍കിയ സംഭാവന മഹത്തരമാണ്‌. എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു കൊണ്ടുള്ള ഒരു നയമാണ്‌ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത്‌. എന്നാല്‍, ചില സംസ്ഥാനങ്ങളില്‍ മതസ്പര്‍ധയും അക്രമവും രക്തച്ചൊരിച്ചിലും മതത്തിന്റെ പേരില്‍ നടക്കുന്നുണ്ടെന്നും അക്രമങ്ങളെ ശക്തമായി നേരിടുമെന്നും ശിവരാജ്‌ പാട്ടീല്‍ പറഞ്ഞു. അടുത്തയിടെ ഒറീസ ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളിലുണ്ടായ അക്രമങ്ങളെ സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന അനുശാസിക്കുന്ന കാര്യങ്ങ ള്‍ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.വര്‍ധിച്ചു വരുന്ന ഭൗതികതയും സ്വാര്‍ഥതയും മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റുകയും വിവിധ രാജ്യങ്ങള്‍ തമ്മിലും മനുഷ്യര്‍ തമ്മിലും നിലനിന്നിരുന്ന സഹിഷ്ണുതയ്ക്കും സ്നേഹബന്ധത്തിനും മങ്ങലേല്‍പ്പിക്കുകയും ചെയ്തിരിക്കുന്നതായി ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ പരസ്പരധാരണയും ഐക്യവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും ഉറപ്പാക്കുന്നതിനും മതനേതാക്കള്‍ക്കും സാമൂഹ്യ നേതാക്കള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഏറെ പങ്കു വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവയ്ക്ക്‌ രണ്ടു മുദ്രമാലയും കുരിശു മാലയും അടങ്ങുന്ന ഐക്കണും മോതിരവും അദ്ദേഹം സമ്മാനിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ അധ്യക്ഷനായിരുന്നു.